തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് കാലത്തു ഡ്യൂട്ടിക്കായി ഡോക്ടര്‍മാരെയും അനുബന്ധ ആരോഗ്യപ്രവര്‍ത്തകരെയും വിട്ടുനല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്. ശബരിമലയിലെ ആരോഗ്യസേവനങ്ങള്‍ സുഗമമാക്കാന്‍ ദേവസ്വം വകുപ്പ് മുന്‍കൈയെടുത്ത് പ്രത്യേക ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്കു കത്ത് നല്കി. മണ്ഡലകാലത്തു സേവനത്തിനു ശബരിമലയിലെത്തുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മതിയായ താമസഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നും യാത്രാബത്ത അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമൂലം ഡ്യൂട്ടിക്കു ജീവനക്കാരെ നിയോഗിക്കുന്നത് പ്രയാസകരമാകുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളിലെ സേവനങ്ങളെ ബാധിക്കാതെ ശബരിമലയിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കുന്നതു വലിയ വെല്ലുവിളിയാണെന്നും കത്തില്‍ പറയുന്നു.
ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ നിയന്ത്രണത്തിലായതിനാല്‍ വകുപ്പുതല ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കാണാനാണു ശ്രമം. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.






