
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യയുടെ അഭിമാനം പുനഃസ്ഥാപിക്കപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായം ഏതര്ഥത്തില് ശരിയാകുമെന്നു ദ് വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്.
കേരള എന്‍.ജി.ഒ. യൂണിയന് 63 -ാം സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിനം നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തു യുദ്ധങ്ങള്‍ക്കു പിന്തുണയും സഹായവും നല്കുന്ന അമേരിക്കയെ അടിമത്തത്തോടെ പിന്തുടരുന്ന രാജ്യമായി ഇന്ത്യ മാറുമ്പോള്‍ അമിത് ഷായുടെ അഭിപ്രായം എങ്ങനെ ശരിയാകും. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും ഇന്ത്യയിലെ ജനങ്ങളെയും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപകടപ്പെടുത്തുന്ന ഈ ഭരണത്തിനുകീഴില്‍ എങ്ങനെയാണ് ഒരു ജനതയുടെ അഭിമാനം ഉയര്‍ത്തപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ അണിനിരക്കുക എന്നീ പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സീമ എസ്. നായര്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഗോപകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എ. അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്മാന് വി.എന്‍. വാസവന്, എ.ഐ.എസ്.ജി.എഫ്. ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്റ് ടി.കെ.എ. ഷാഫി എന്നിവര്‍ പ്രസംഗിച്ചു.






