ന്യൂഡല്‍ഹി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന് ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. എത്രയും വേഗം മോചനം സാധ്യമാക്കുന്നതിനായി യമന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമന്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുള്‍ മാലിക് അബ്ദുള്‍ ജലീല്‍ അല്‍-മെഖാല്‍ഫി അറിയിച്ചു.
ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു ഭവനില്‍ വച്ച് ഇരു മന്ത്രിമാരും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സുഷമാ സ്വരാജിന് തക്കതായ മറുപടി ലഭിച്ചത്. ഉഴുന്നാലിന്റെ സുരക്ഷയില്‍ സുഷമ ആശങ്ക അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിന് പുറമെ വിവിധ വിഷയങ്ങളും സഹകരണവും ഇരുമന്ത്രിമാരും ചര്‍ച്ചയായി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഈ വര്‍ഷം മേയില്‍ തന്നെ മോചിപ്പിക്കണമെന്ന് ടോം ഉഴുന്നാലില്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിന് ശേഷം ഉഴുന്നാലിന്റെ മറ്റൊരു വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.






