
കോട്ടയം: ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ടുള്ള വിമാനത്താവളം വരുന്നത് ചെറുവള്ളി ഹാരിസണ്‍ എസ്റ്റേറ്റില്‍. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 2263 ഏക്കറില്‍ ആയി പരന്നുകിടക്കുന്നതാണ് ഈ എസ്റ്റേറ്റ്. ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവിടെ നിന്നും 48 കിലോമീറ്റര്‍ മാത്രമാണ് ശബരിമലയിലേക്കുള്ള ദൂരം. ഇതുസംബന്ധിച്ച റവന്യൂ വകുപ്പ് അഡീ.സെക്രട്ടറി പി.എച്ച് കുര്യന് അടങ്ങിയ നാലംഗ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമിരുന്ന ഈ ഭൂമി പിന്നീട് ബിലീവേഴ്സ് ചര്‍ച്ചിനു വിറ്റിരുന്നു. എന്നാല്‍ ഈ വില്‍പ്പന നിയമവിരുദ്ധമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. പോക്ക്വരവ് സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഭൂമി ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കെ.പി യോഹന്നാന് നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
രണ്ട് ദേശീയപാതകള്‍ക്ക് സമീപമാണ് ഈ എസ്റ്റേറ്റ്. വിമാനത്താവള നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത് കൊച്ചിയില്‍ നിന്നും 100ല്‍ ഏറെ കിലോമീറ്റര്‍ അകലെയുമാണ് ഈ സ്ഥലം. മധ്യകേരളത്തില്‍ ഒരു വിമാനത്താവളം വേണമെന്ന നാളുകള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ പരിസഹാരമാകുന്നത്. ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ട് ആറന്മുളയില് വിമാനത്താവളം പദ്ധതിയിട്ടിരുന്നുവെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ന്നതോടെ അത് ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ശബരിമല വിമാനത്താവളം വരുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നും എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യമാണ് ലഭിക്കുക.






