
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതയുടെ ഹൃദയമിടിപ്പ് കൂട്ടുന്ന കാര്യത്തില്‍ മാത്രമായിരുന്നു ഇതുവരെ സെക്സ് ബോംബ് സണ്ണിലിയോണ്‍ വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഇതാ സണ്ണിയെക്കുറിച്ച് സംസാരിക്കാന്‍ മറ്റൊരു കാര്യം കൂടി. ഇന്ത്യയില്‍ നിന്നും സണ്ണിലിയോണും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. നിഷാ കൗര്‍ വെബ്ബര്‍ എന്നാണ് കുഞ്ഞിന് പേര്.
2011 ല്‍ വിവാഹിതരായ ദമ്പതികളുടെ ആദ്യ കുട്ടിയാണ് മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്നും ദത്തെടുത്ത വെറും 21 മാസം പ്രായമുള്ള നിഷാ കൗര്‍. മറ്റൊരു മാദകനടി ഷെര്‍ലിന്‍ ചോപ്രയാണ് ഈ വിവരം ഇന്‍സ്റ്റാഗ്രാം വഴി ലോകത്തെ അറിയിച്ചത്. ഒരു കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത ഷെര്‍ലിന്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരാള്‍ക്ക് കൂടി സ്വാഗതം അരുളിയ സണ്ണിയും വെബ്ബറും ഏറെ സന്തോഷിപ്പിക്കുന്നെന്നും ഈ കുടുംബത്തിലേക്ക് ഈ കുഞ്ഞുമാലാഖ കൂടുതല്‍ സ്നേഹവും ഊര്‍ജ്ജവും നിറയ്ക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഷെര്‍ലിന്റെ ആശംസയ്ക്ക് സണ്ണിലിയോണ്‍ സാമൂഹ്യമാധ്യമം വഴി നന്ദി പറയുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അതു സംഭവിച്ചത്. കുഞ്ഞിന്റെ ചിത്രം കിട്ടിയപ്പോള്‍ മുതല്‍ തങ്ങള്‍ ആകാംഷയിലും സന്തോഷത്തിലും വിവിധ വൈകാരിക അവസ്ഥയിലായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ മൂന്ന് ആഴ്ചകള്‍ വേണ്ടി വന്നെന്നു താരം പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് ജീവിതത്തില്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ദാനിയല്‍ വെബ്ബറും പറഞ്ഞു.
കുഞ്ഞിന്റെ യഥാര്‍ത്ഥ പേര് നിഷ എന്നു തന്നെ ആയിരുന്നെന്നും അത് മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും സണ്ണി പറഞ്ഞു. മുമ്പ് നീലച്ചിത്ര നടിയായ സണ്ണി ലിയോണ്‍ 2012 ല്‍ ജിസം 2 വിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. ബാദ്ഷാഹോ, തേരി ഇന്തസാര് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തു വരാനിരിക്കുന്നത്. ടെലിവിഷന്‍ ഷോയായ സ്പ്ളിറ്റ്സ്വില്ല യുടെ അവതാരക കൂടിയാണ് സണ്ണി.






