
ആഞ്ജലീന എന്ന ഹോളിവുഡ് നടിയെ മികച്ച നടി എന്നതിനൊപ്പം സാമൂഹ്യ പ്രവര്‍ത്തകയെന്നു കൂടിയാണ് ലോകം വിശേഷിപ്പിക്കുന്നത്. യുനസ്കോ അംബാസിഡറായും അല്ലാതെയും വരുമാനത്തിന്റെ നല്ലൊരു ഭാഗം ലോകത്തിന്റെ പല ഭാഗങ്ങളിലായി പട്ടിണിയനുഭവിക്കുന്ന കുട്ടികള്‍ക്കായി നല്കുന്നു. എന്നിട്ടും ഇപ്പോള്‍ ഏറ്റവും വലിയ വിമര്‍ശനം കേള്‍ക്കുകയാണ് ആഞ്ജലീന. താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദേ ഫസ്റ്റ് കില്‍ഡ് മൈ ഫാദര്‍' എന്ന ചിത്രത്തിന്റെ കാസ്റ്റിങ് ആണ് വിവാദത്തിലായത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ബാലതാരത്തെ കണ്ടെത്താനായി കഥ നടക്കുന്ന കംബോഡിയയിലെ സ്കൂളുകളിലും ചേരികളിലും സര്‍ക്കസ് കൂടാരങ്ങളിലും പോയി. കുട്ടികളെ വിളിച്ച് അവരുടെ മുന്നില്‍ കുറച്ച് പണം വെയ്ക്കും. ഈ പണം കിട്ടിയാല്‍ അവര്‍ എന്തു ചെയ്യുമെന്ന് ചിന്തിക്കാന്‍ പറഞ്ഞു. എന്നിട്ട് പണം തിരികെയെടുക്കുമ്പോള്‍ അവരുടെ ഭാവം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്. വിചിത്രമായ ഈ കളിയില്‍ സ്രേ മാച്ച് എന്ന പെണ്‍കുട്ടി ലൗങ് യുങാകാന് തിരഞ്ഞെടുക്കപ്പെട്ടു. വാനിറ്റി ഫെയര്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ആഞ്ജലീന ഇത് പറഞ്ഞത്.
ചേരിയിലെ കുട്ടികളോട് വേണമായിരുന്നോ ഈ ക്രൂരമായ കളി എന്ന വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരവുമായി ആഞ്ജലീസ രംഗത്തെത്തി. കുട്ടികളില്‍ യുദ്ധം ഉണ്ടാക്കുന്ന ആഘാതം വിശദീകരിക്കുകയും അതില്‍ നിന്ന് അവരെ രക്ഷിക്കുകയുമായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം തന്നെ. പണം തിരികെ വാങ്ങി എന്നതൊക്കെ വ്യാജ വാര്‍ത്തയാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ തന്നെ രോക്ഷാകുലയാകുമായിരുന്നു. കാസ്റ്റിങ് മുതല്‍ സിനിമയുടെ അവസാനം വരെ കുട്ടികളുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കുമായി എല്ലാം ചെയ്തിരുന്നുവെന്ന് ആഞ്ജലീന പറഞ്ഞു. താരം സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വര്‍ഷം അവസാനത്തോടെ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്.






