
തനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ടെന്ന് തുറന്നു പറഞ്ഞ് നടന് വിഷ്ണു വിശാല്‍. കോവിഡിന് ശേഷമാണ് തനിക്ക് ഈ പ്രശ്നം തുടങ്ങിയതെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
'രാത്രിയിലെ ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് രണ്ട് മണിക്ക് ഞാൻ ജിമ്മിൽ പോകും. അത് പക്ഷേ ഈ സിനിമയ്ക്ക് വേണ്ടി മാത്രമല്ല, എഫ്ഐആർ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്തും ഞാൻ അങ്ങനെയായിരുന്നു. രണ്ട് മണിക്ക് ഞാൻ ഷൂട്ട് പൂർത്തിയാക്കി വരും. മൂന്ന് മണിയാകുമ്പോൾ ജിമ്മിൽ എത്തും. 3 മണി മുതൽ 4.30 വരെ വർക്കൗട്ട് ചെയ്യും.
എന്നിട്ട് വന്ന് കിടന്നുറങ്ങും. നൈറ്റ് ഷൂട്ടിൽ എല്ലാം ഇങ്ങനെ തന്നെയാണ് ചെയ്യാറ്. രണ്ട് മണിക്ക് എഴുന്നേൽക്കും നേരെ ഷൂട്ടിന് പോകും. ഇങ്ങനെയാണെങ്കിലും 7- 8 മണിക്കൂർ ഞാൻ നന്നായി കിടന്നുറങ്ങും. പക്ഷേ സിനിമയുടെ റിലീസ് സമയത്ത് എനിക്ക് ഉറങ്ങാൻ കഴിയാറില്ല. കാരണം എനിക്ക് ചെറുതായി ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്. കോവിഡിന് ശേഷമാണ് എനിക്ക് ഈ പ്രശ്നം തുടങ്ങിയത്.
ശരിക്ക് പറഞ്ഞാൽ കോവിഡ് കാലത്ത്. ഭാവിയിൽ എന്താണ് നടക്കാൻ പോകുന്നത് എന്നൊക്കെയുള്ള ചിന്തയായിരുന്നു കോവിഡ് സമയത്ത്. നമ്മൾ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന് പോലും ചിന്തിച്ചു. നമ്മുടെ മാതാപിതാക്കളുടെ കാര്യം ആലോചിച്ചു നോക്കൂ, അന്ന് പ്രായമായവരെ കാണുന്നത് തന്നെ വലിയ പേടിയുണ്ടാക്കുന്ന കാര്യമായിരുന്നു. അത് എപ്പോഴും ഒരു ആശങ്കയായിരുന്നു.
ആ ഒരു നിമിഷം, എനിക്ക് നല്ല രീതിയിൽ ആങ്സൈറ്റി ഉണ്ടാകാൻ കാരണമായി. അതുകൊണ്ട് എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്. ഇപ്പോൾ എന്തെങ്കിലും ഒരു പരിപാടി നടക്കാൻ പോവുകയാണെങ്കിൽ പോലും എനിക്ക് ആങ്സൈറ്റിയുണ്ടാകും. പിന്നെ, എന്തെങ്കിലും കാര്യങ്ങൾ തെറ്റായിപ്പോയാലോ ? എന്നൊക്കെ ചിന്തിക്കും. ആങ്സൈറ്റി കാരണമാണത്". - വിഷ്ണു വിശാൽ പറഞ്ഞു.
അതേസമയം ഗാട്ട ഗുസ്തി 2 എന്ന പുതിയ സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് നടന് ഇപ്പോള്‍. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ജൂലൈ മൂന്നിനാണ് തിയറ്ററുകളിലെത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.






