
കുട്ടിക്കാലം മുതല്‍ അഭിനയ മോഹം ഉളളിലൊതുക്കി നടന്ന ഒരാളാണ് ഞാന്‍. കുടുംബത്തില്‍ ആരും അഭിനയ രംഗത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരെപ്പോയി കാണണമെന്നോ എന്ത് ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു.
പക്ഷേ ഞാന്‍ എന്റെ ആഗ്രഹം അച്ഛന്റെ സഹോദരിയോട് പറയുമായിരുന്നു. അപ്പച്ചി എല്ലാ കാര്യത്തിലും നല്ല സപ്പോര്‍ട്ടായിരുന്നു. എന്നെങ്കിലും സിനിമയില്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുമായിരുന്നു. ഞങ്ങള്‍ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
മക്കളില്ലാത്ത അപ്പച്ചിക്ക് ഞാന്‍ സ്വന്തം മകളെപ്പോലെയായിരുന്നു. അപ്പച്ചി മാത്രമല്ല അമ്മയും എപ്പോഴും എനിക്കൊപ്പമായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ പ്രോഗ്രാമുകള്‍ക്കും എന്നെ പങ്കെടുപ്പിക്കുമായിരുന്നു.
പക്ഷേ എന്റെ എക്കാലത്തെയും ആഗ്രഹം സിനിമയായിരുന്നു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഒരു ആല്‍ബത്തിലേക്ക് പുതുമുഖത്തെ അന്വേഷിക്കുന്ന പരസ്യം കണ്ടു. പെട്ടെന്ന് തന്നെ ഞാന്‍ അതിലേക്ക് ഫോട്ടോസ് അയച്ചുകൊടുത്തു.
ഓഡിഷനു പങ്കെടുക്കാന്‍ എന്നെ വിളിച്ചു. സ്കൂളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നല്ലാതെ ക്യാമറയ്ക്ക് മുന്പില് ആദ്യമാണ്. അതുകൊണ്ട് തന്നെ പേടിയുണ്ടായിരുന്നു.
എങ്കിലും ധൈര്യം സംഭരിച്ച് ഞാനവിടെ എത്തിയപ്പോള്‍ പതിനഞ്ചോളം പുതുമുഖങ്ങള്‍ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സെലക്ട് ചെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.
പക്ഷേ ദൈവം എനിക്കൊപ്പമായിരുന്നു, ആല്‍ബം ഇറങ്ങിയ ശേഷം എനിക്ക് ഓഫറുകള്‍ വന്നുതുടങ്ങി. അങ്ങനെ സിനിമകളിലും സീരിയലുകളിലും അവസരം ലഭിച്ചു. ഞാന്‍ അഭിനയ രംഗത്ത് വരണമെന്ന് ഒരുപാട് ആഗ്രഹിച്ച അപ്പച്ചി ഇന്ന് എന്റെ കൂടെയില്ല. ഈ ലോകത്ത് നിന്നും യാത്രയായി.
മൂന്നുവര്‍ഷം മുന്‍പ് അപ്പച്ചിക്ക് ശാരീരിക അസ്വസ്ഥതകള്‍ വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പേടിക്കേണ്ടതായ യാതൊരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആ സമയം ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
എന്റെയൊരു ആവശ്യത്തിനുവേണ്ടി മാറിനില്‍ക്കുകയായിരുന്നു. അപ്പച്ചി ആശുപത്രിയില്‍ ആണെന്ന വിവരമറിഞ്ഞ് വിളിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് എല്ലാവരും എന്നെ സമാധാനിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അപ്പച്ചി മരിച്ചു.
പക്ഷേ ആ വിവരം എന്നെ അറിയിച്ചില്ല. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കാണുന്നത് ജീവനറ്റ അപ്പച്ചിയെയാണ്. അത്ര നാളും കൂടെ ഉണ്ടായിരുന്നിട്ടും അവസാന നിമിഷം ഒരുനോക്ക് കാണാനുളള ഭാഗ്യം എനിക്ക് ഇല്ലാതായിപ്പോയി.
അപ്പച്ചിക്ക് കൂടുതലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ എല്ലാ തിരക്കുകളും ഉപേക്ഷിച്ച് ഞാനവിടെ എത്തുമായിരുന്നു. അഭിനയ രംഗത്ത് വരണമെന്ന് എന്നെക്കാള്‍ ആഗ്രഹിച്ച അപ്പച്ചി ഇതൊന്നും കാണാതെ യാത്രയായല്ലോ....






