
ലോകത്തെ വിസ്മയിപ്പിച്ച് ആംഗ്യഭാഷ പഠിച്ച ഔറാന്ഗുട്ടനായ ചാന്റേക്ക് വിടപറഞ്ഞു. തന്റെ 39മത്തെ വയസ്സിലാണ് ചാന്റേക്ക് ഈ ലോകത്തോട് വിടപറഞ്ഞത്. സൂ അറ്റ്ലാന്റയിലായിരുന്നുചാന്റേക്കിന്റെ അന്ത്യം. മുറി വൃത്തിയാക്കാനും ഉപകരണങ്ങള്‍ ഉപയോഗിക്കാനും അറിയാമായിരുന്ന ചാന്റേക്ക് അടുത്തുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലേക്ക് പോകുന്നതിനുള്ള വഴിയും അറിയാമായിരുന്നു. തന്റെ അവസാന ദിവസങ്ങള്‍ ആറ്റ്ലാന്റ മൃഗശാലയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. വളരെ ഊര്‍ജ്ജസ്വലനായിരുന്ന വ്യക്തി എന്നാണ് ചാന്റേക്കിനെ കുറിച്ച് മൃഗശാല അധികൃതര്‍ പറയുന്നത്. കൂടാതെ നോര്‍ത്ത് അമേരിക്കയില്‍ വെച്ച് ഏറ്റവും പ്രായം കൂടിയ ഔറാന്ഗുട്ടനും ചാന്റേക്ക് ആയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ജോര്‍ജിയയിലെ യെര്‍ക്സ് നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചാന്റേക്കിന്റെ ജനനം. നരവംശശാസ്ത്രജ്ഞയായ ലിന് മൈല്‍സാണ് ആംഗ്യഭാഷ പഠിപ്പിച്ചത്. ഒമ്പത് വര്‍ഷത്തോളം ലിനിന്റെ ഒപ്പമായിരുന്നു താമസം. തുടര്‍ന്ന് 1997 ല്‍ സൂ അറ്റ്ലാന്റയിലേക്ക് മാറ്റി. മൃഗശാല ജീവനക്കാരുമായി ആംഗ്യഭാഷയില്‍ ചാന്റേക്ക് ആശയവിനിമയം നടത്താറുണ്ടായിരുന്നു. 2014 ല്‍ പുറത്തെത്തിയ ദ ഏപ് ഹു വെന്റ് ടു കോളേജ് എന്ന ഡോക്യുമെന്ററി ചാന്റേക്കിനെ ആസ്പദമാക്കി എടുത്തതായിരുന്നു. മുറി വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള കഴിവുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിലെ ഒരാളാണ് വിട പറഞ്ഞു പോയതെന്നാണ് അധികൃതര്‍ ചാന്റേക്കിന്റെ മരണവാര്‍ത്തയെ കുറിച്ച് പറഞ്ഞത്.






