
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മദ്രസ്സകളില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മദ്രസ്സ പരിഷത്ത് ബോര്‍ഡ് ആണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ജില്ലാ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്ക് നല്‍കിയത്. ഈ മാസം മൂന്നിനാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറങ്ങിയത്.
ഓഗസ്റ്റ് 15ന് രാവിലെ എട്ട് മണിക്ക് ദേശീയപതാക ഉയര്‍ത്തണമെന്നും തുടര്‍ന്ന് ദേശീയഗാനം ആലപിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 8.10ന് രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കണം. തുടര്‍ന്ന് സാംസ്കാരിക പരിപാടികളും അരങ്ങേറണം. ഇവയെല്ലാം വീഡിയോയില്‍ ചിത്രീകരിക്കുകയും ജില്ലാ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മുന്‍കാലങ്ങളില്‍ ചില മദ്രസ്സകളില്‍ നടന്ന സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ ഈ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി വേണ്ടിവന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ യു.പി മദ്രസ്സ ബോര്‍ഡ് അടക്കമുള്ള നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരമൊരു സര്‍ക്കുലറിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഗോവഖ്പുര് മദ്രസ്സ അറബിയ മാനേജര്‍ ഹാജി സെയ്ദ് തഹ്വാര്‍ ഹുസൈന് പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ അമൂല്യമായ സംഭാവനകള്‍ നല്കിയവരാണ് മദ്രസ്സകളും അവിടുത്തെ അധ്യാപകരും എന്ന് മറക്കരുത്. എന്നാല്‍ ഇപ്പോള്‍ അവരെ സംശയത്തോടെ വീക്ഷിക്കുന്നത് നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് അദ്ദേഹം പറയുന്നു.
'ദേശഭക്തിയും സാഹോദര്യവും മദ്രസ്സകളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് ഓള് ഇന്ത്യ ടീച്ചേഴ്സ് അസോസിയേഷന് മദ്രസ്സ അറബിയ, ഗോരഖ്പൂര്‍ ശാഖ ജനറല്‍ സെക്രട്ടറി ഹാഫിസ് നസ്രെ അസ്ലം ക്വദ്രി പറഞ്ഞു. ദേശീയ ആഘോഷവേളകളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗരേഖകള്‍ ഇറക്കുന്നത് ഭരണകൂടത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.






