
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 1,07,600 രൂപയായാണ് തുടരുന്നത്. ഗ്രാമിന് 13,450 രൂപയാണ് ഇന്നത്തെ നിരക്ക്. പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഇന്ന് ഏകദേശം 1,24,127 രൂപ ചെലവാകും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ഉയർച്ചയും ഇടിവും മാറിമാറി രേഖപ്പെടുത്തുകയാണ്. അതിനാൽ വരും ദിവസങ്ങളിൽ വില ഏത് ദിശയിലേക്ക് നീങ്ങുമെന്ന ആകാംക്ഷയിലാണ് ആഭരണപ്രേമികളും വിപണിയും.
തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെ ഇന്നലെയാണ് സ്വർണവിലയിൽ നേരിയ ആശ്വാസമുണ്ടായത്. ഒരു പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞതോടെയാണ് പവന്റെ വില 1,07,600 രൂപയിലെത്തിയത്.
ആഗോള സാമ്പത്തിക ഘടകങ്ങളാണ് നിലവിൽ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പ്രത്യേകിച്ച് യു.എസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പണനയ പ്രഖ്യാപനവും രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടവുമാണ് വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഇതിനിടെ, അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ മന്ദഗതിയെ സൂചിപ്പിക്കുന്ന തൊഴിൽ കണക്കുകൾ (Job Data) കഴിഞ്ഞ ദിവസം പുറത്തുവന്നു. പ്രതീക്ഷിച്ചതിലും ദുർബലമായ തൊഴിൽ വളർച്ചയാണ് യു.എസിൽ രേഖപ്പെടുത്തിയത്. ഇത് ഫെഡറൽ റിസർവിന്റെ തുടർനയങ്ങളെ സ്വാധീനിച്ചേക്കാമെന്നാണ് വിപണി വിലയിരുത്തൽ.






