തിരുവനന്തപുരം: എന്‍സിപി അധ്യഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്‍സിപി കോട്ടയം ജില്ലാ കമ്മറ്റിക്ക് വേണ്ടി റജി സാംജി നല്കിയ പരാതിയിലാണ് നടപടി. മരണത്തിന് മുന്‍പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്മാന് സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ഉഴവൂരിന്റെ മരണത്തിന് കാരണമെന്നാണ് പരാതി.
മരണത്തിന് മുന്‍പ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍സിപി കോട്ടയം ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നത്. ഉഴവൂരിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രമേയം യോഗം പാസാക്കി. തുടര്‍ന്ന് ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.






