
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. എന്‍.സി.പി നേതാവ് സുള്‍ഫിക്കര്‍ മയൂരിക്ക് എതിരായ പരാതിയാണ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തനായ റജി സാംജി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിച്ചിരുന്നു.
മരണത്തിന് മുന്‍പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്മാന് കൂടിയായ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമായിരുന്നു പരാതി. സുള്‍ഫിക്കര്‍ ഉഴവൂരിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു.
ഉഴവൂരിനെ അടിക്കുമെന്നും കൊല്ലുമെന്നും അതിനായി ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ലെന്നുമായിരുന്നു സുള്‍ഫിക്കറിന്റെ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്. ആദ്യം എന്‍.സി.പി യുവനേതാവ് മുജീബ് റഹ്മാനെയും പിന്നീട് ഉഴവൂര്‍ വിജയനെ നേരിട്ട് വിളിച്ചും സുള്‍ഫിക്കര്‍ ഭീഷണിപ്പെടുത്തിയെന്നും വ്യക്തിപരമായ അധിക്ഷേപവും അസഭ്യവര്‍ഷവും നടത്തിയെന്നും ഈ സംഭാഷണത്തിനിടെയാണ് ഉഴവൂര്‍ കുഴഞ്ഞുവീണതെന്നും ആരോപണം ഉയര്‍ന്നിരുന്നു.






