ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് റോബോട്ടുകള്‍ എത്തുന്നു. തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് റോബോട്ടുകളെ ഉപയോഗിച്ച് ആക്രമണം നടത്തനാണ് സൈന്യത്തിന്റെ നീക്കം. അടിയന്തര സാഹചര്യങ്ങളിലും സുരക്ഷയില്ലാത്ത സാഹചര്യങ്ങളിലും റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തും. റോബോട്ടുകളെ ഉപയോഗിച്ച് പ്രത്യാക്രമണം നടത്താനാണ് പദ്ധതി.
സൈന്യത്തിന്റെ നിര്‍ദ്ദേശത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്കി. 544 റോബോട്ടുകളെ സൈന്യം രംഗത്തിറക്കും. തീവ്രവാദികള്‍ കൂടുതല്‍ ജനവാസ മേഖലകളിലേക്ക് നീങ്ങിത്തുടങ്ങിയ സാഹചര്യത്തിലാണ് റോബോട്ടുകളെ ഇറക്കുന്നത്. നേരത്തെ വനമേഖല കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന തീവ്രവാദികള്‍ ഇപ്പോള്‍ ജനവാസ മേഖല തെരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നിരീക്ഷണ ക്യാമകളും പ്രസരണ സംവിധാനവും ഉള്‍പ്പെടെയുള്ള റോബോട്ടുകളെ തീവ്രവാദികളുടെ നീക്കങ്ങള്‍ തിരിച്ചറിയുന്നതിനായും ഉപയോഗിക്കും. തുടര്‍ന്ന് സ്റ്റണ്‍ ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ളവ റോബോട്ടില്‍ നിന്നും പ്രയോഗിക്കും. നിലവില്‍ ദക്ഷ് എന്ന വിദൂര നിയന്ത്രിത ഉപകരണം തീവ്രവാദികള്‍ക്കെതിരെ സൈന്യം ഉപയോഗിക്കുന്നുണ്ട്. പ്രതിരോധ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചതാണ് ദക്ഷ്.






