
സാംസങ് പുറത്തിറക്കാന്‍ ഒരുങ്ങുന്ന ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആയ സാംസങ് ഗാലക്സി ഇസഡ് ട്രൈഫോള്‍ഡ് 2-വിനെ സംബന്ധിച്ച പുതിയ പേറ്റന്റ് വിവരങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഈ ഫോണില്‍ എസ്-പെന്‍ സ്‌റ്റൈലസിനായി പ്രത്യേക സ്ലോട്ട് ഉള്‍പ്പെടുത്താനാണ് സാംസങ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റൈലസ് ഫോണിന്റെ ഹിഞ്ചിനകത്തു തന്നെ സൂക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
സ്‌റ്റൈലസിന്റെ സ്ലോട്ട് ഫോണിന്റെ വലതുഭാഗത്തെ ഹിഞ്ചിന്റെ മധ്യത്തിലായിരിക്കും. ഫോണ്‍ പൂര്‍ണ്ണമായി തുറക്കുമ്പോള്‍ സ്‌റ്റൈലസ് മധ്യഭാഗത്തും വലതുഭാഗത്തുമുള്ള ഫ്‌ലാപ്പുകള്‍ക്കിടയില്‍ കാണപ്പെടുമെന്നാണ് സൂചന. ഈ ഡിസൈന്‍ ആശയം അടിസ്ഥാനമാക്കി ലീക്കര്‍മാര്‍ തയ്യാറാക്കിയ റെന്‍ഡറുകളിലും ഫോണിന് പര്‍പ്പിള്‍ നിറഭേദം നല്‍കിയിരിക്കുന്നതായി കാണാം. കൂടാതെ, ഫോള്‍ഡബിള്‍ സ്‌ക്രീന്റെ വലതുഭാഗത്ത് സെന്റര്‍ ഹോള്‍-പഞ്ച് ക്യാമറ ഡിസൈനും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സാംസങ് ഗാലക്സി ഇസഡ് ട്രൈഫോള്‍ഡ് വിപണിയില്‍ നിന്നു പിന്‍വലിച്ചുവെന്ന റിപ്പോര്‍ട്ടുകളും ശ്രദ്ധ നേടുകയാണ്. 2025 ഡിസംബറില്‍ പുറത്തിറങ്ങിയ ഈ ട്രൈ-ഫോള്‍ഡ് മോഡല്‍ ദക്ഷിണ കൊറിയ, ചൈന, തായ്വാന്‍, സിംഗപ്പൂര്‍, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ആദ്യം ലഭ്യമായിരുന്നത്. പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുന്നതിനിടെ സാംസങ് ഈ മോഡലിന്റെ വില്‍പ്പന നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാങ്കേതിക സവിശേഷതകളില്‍ ഗാലക്സി ഇസഡ് ട്രൈഫോള്‍ഡിന് 10 ഇഞ്ച് വലുപ്പമുള്ള QXGA+ ഡൈനാമിക് അമോലെഡ് 2X ഇന്നര്‍ ഡിസ്‌പ്ലേയാണ് നല്‍കിയിരുന്നത്. 120 ഹെര്‍ട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതില്‍ ഉണ്ടായിരുന്നു.






