
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ വിവാദ പരാമര്‍ശങ്ങളുമായി കളത്തിലിറങ്ങിയ പി.സി. ജോര്‍ജ് എം.എല്‍.എയ്ക്കെതിരായ പരാതികള്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു മുന്നില്‍. പല പരാമര്‍ശങ്ങളും മനുഷ്യത്വരഹിതമാണെന്നു ഫെയ്സ്ബുക്കിലൂടെ വിലയിരുത്തിയ സ്പീക്കര്‍ക്ക് അതേ മാധ്യമത്തിലൂടെ ജോര്‍ജ് മറുപടി നല്കിയിരിക്കുന്നു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കേണ്ട ശിക്ഷയെ സംബന്ധിച്ചോ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയില്‍ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
അര്‍ധരാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങവേ നിര്‍മ്മാതാവ് ഏര്‍പ്പെടുത്തിയ കാറില്‍ വച്ച് രണ്ടര മണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേള്‍ക്കുകയും ചെയ്തതാണ്. അങ്ങനെ ആക്രമിക്കപ്പെട്ടവള്‍ രണ്ടാം ദിവസം ഷൂട്ടിങ്ങിനു പോകുമോ എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്നാണ് എന്റെ നിലപാട്. ശരിയാണെന്നു തോന്നുന്നവര്‍ക്ക് ഐക്യപ്പെടാം. അല്ലാത്തവര്‍ക്കു വിയോജിക്കാം. ഇത്തരം സംഭവങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണവാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്കു പ്രോത്സാഹനമാകും.
ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ എന്റെ ഉറച്ച ബോധ്യമാണിത്. ഈ സംഭവത്തില്‍ ഞാന്‍ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാന്‍ കഴിയുമെന്ന് ചില സുഹൃത്തുക്കള്‍ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും സാധ്യമായതെല്ലാം ചെയ്യും.
പി.സി. ജോര്‍ജിന്റെ പോസ്റ്റ്:
ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് സീതാദേവി ആരാധിക്കപ്പെടുന്നത്. സീതാപരിത്യാഗം ശ്രീരാമചന്ദ്രന് നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. ഒരു ഭരണാധികാരിയും ഭര്‍ത്താവും തുലനം ചെയ്യപ്പെട്ടപ്പോള്‍ ഏറെ വേദനയോടെ ഭര്‍ത്താവിന്റെ ദുഃഖം സ്വയം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ശ്രീരാമ പട്ടാഭിഷേകത്തിനു ശേഷം പ്രജകളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നവരാണ് അന്യപുരുഷന്റെ തടങ്കലില്‍ കഴിഞ്ഞ സീതാദേവിയെക്കുറിച്ച് സംശയങ്ങളുയര്‍ത്തി ജനങ്ങള്‍ സംസാരിച്ച വിവരം ചക്രവര്‍ത്തിയെ അറിയിച്ചത്. വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് അക്കാര്യം ചക്രവര്‍ത്തിയില്‍നിന്നു മറച്ചുവയ്ക്കാമായിരുന്നു. അത് കൃത്യവിലോപമാകും. ശ്രീരാമന് വിവരം അറിയിച്ചവരുടെയും സംശയങ്ങളുയര്‍ത്തി സംസാരിച്ചവരുടെയും തല കൊയ്ത് വീരനാകാമായിരുന്നു. അത് ധര്മ്മവിരുദ്ധമാകും. ജനങ്ങളുടെ സംശയങ്ങള്‍ക്കും ജനസംസാരത്തിനും ഭരണസംവിധാനവും അതിനോടു ചേര്‍ന്നുനില്‍ക്കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങളും നമ്മുടെ രാജ്യത്തു കൊടുക്കുന്ന പ്രാധാന്യം പുരാതനകാലം മുതല്‍ക്കേയുള്ളതാണെന്ന് നിക്ഷ്പക്ഷരായിരിക്കണം എന്നു കരുതുന്നവരെക്കൂടി ഓര്മ്മിപ്പിക്കേണ്ടിവരുന്നതു കഷ്ടമാണ്.
ഒരു വിഷയത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശവുമായും ഞാനെടുത്ത നിലപാടുകളുമായും വ്യത്യസ്ത അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിലപാടുകളും ഉള്ളവരുണ്ടാകാം. അവര്‍ക്ക് യുക്തമെന്നു തോന്നുന്ന രീതിയില്‍ അത് വ്യാഖ്യാനിക്കുകയും ചെയ്യാം.
പക്ഷേ ഒരേ സ്ഥാനത്തിരിക്കുന്ന എല്ലാവരെയും ഒരേപോലെ കാണാന്‍ ബാധ്യതയുള്ള ഒരാള്‍, ഒരാളെ മാത്രം തെരഞ്ഞുപിടിച്ച് പരാമര്‍ശിക്കുന്നത് വ്യവസ്ഥിതിയെ ഗുണപ്പെടുത്താനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പി.സി. ജോര്‍ജ് എന്ന ഞാന്‍ എം.എല്‍.എയാണ്... ഞാന്‍ നടത്തിയെന്നു പറഞ്ഞുള്ള പരാമര്‍ശം ചര്‍ച്ചയായി. ഒരു സിനിമാനടിക്കെതിരേ ഞാന്‍ പരാമര്‍ശം നടത്തിയെന്നു പറഞ്ഞുള്ള ചര്‍ച്ചയാണ് ഉയര്‍ന്നത്. ഞാന്‍ നടിയെ അപമാനിച്ചതായുള്ള സത്യവിരുദ്ധമായ ഒരു പരാതിയും ഉത്ഭവിച്ചു. ആ പരാതി ഒരു വനിതാ സംഘടന അവരുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. അതിനെക്കുറിച്ച് പലരും അവരുടെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞു, എനിക്കതില്‍ ഒരാക്ഷേപവുമില്ല.
പക്ഷേ എം.എല്‍.എയായ എന്നെപ്പോലെ തന്നെ നിയമസഭയ്ക്കകത്തിരിക്കുന്ന എം.എം. മണി മൂന്നാറിലെ പെമ്പിെളെ ഒരുെമെ പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ചര്‍ച്ചകള്‍ ദിവസങ്ങളോളം നടന്നു. അതുപോലെ തന്നെ കൊച്ചിയില്‍ ഒരു സിനിമാനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവനും 2011-ല്‍ വേറൊരു സിനിമാനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വേറൊരാളും ഇപ്പോള്‍ കേരള നിയമസഭയില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ ജയിച്ചു വന്ന ഒരു എം.എല്‍.എയുടെ ഡ്രൈവര്‍മാരായിരുന്നു. ആ എം.എല്‍.എയെ ചോദ്യംചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നുമുള്ള ചര്‍ച്ചകളും ധാരാളം നടന്നു. ഇതില്‍ പി.സി. ജോര്‍ജിനെ സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ മാത്രം ഫെയ്സ്ബുക്കില്‍ അഭിപ്രായം കുറിച്ചത് രാഷ്്രടീയ മനസോടെയാണെന്നാണ് എന്റെ പക്ഷം.
സീതാപരിത്യാഗത്തിലേക്കു നയിച്ച ഘടകങ്ങളെല്ലാം വേദനാജനകമാണ്... ശ്രീരാമനും ജനസംസാരം അദ്ദേഹത്തെ അറിയിച്ചവരും നടത്തിയത് ദൗത്യനിര്‍വഹണമാണ്... വിശ്വസനീയമല്ലാത്ത വിധം നടപടിക്രമങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ സംശയങ്ങള്‍ പ്രകടിപ്പിക്കും. ആ സംശയങ്ങള്‍ക്ക് നിവാരണമുണ്ടാക്കി സത്യം ബോധ്യപ്പെടുത്തേണ്ടത് ഭരണാധികാരികളുടെയും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വപ്പെട്ടവരുടെയും ബാധ്യതയും കടമയുമാണ്. ഞാന്‍ ആ വഴിത്താരയിലൂടെ നടക്കുന്നവനാണ്. അതുകൊണ്ടൊണ് എനിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കേണ്ടി വന്നതും അന്തസുള്ള ഭൂരിപക്ഷം നല്കി ജനങ്ങള്‍ എന്നെ തെരഞ്ഞെടുത്തതുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സീതാപരിത്യാഗമെന്ന എറ്റവും വേദനയുണ്ടാക്കിയ സംഭവത്തിനുശേഷം സത്യം വെളിവായപ്പോള്‍ ശ്രീരാമചന്ദ്രന്റെയോ സീതാദേവിയുടെയോ മഹത്വത്തിന് ഒരു കുറവും വന്നില്ലെന്നു മാത്രമല്ല, വര്‍ധിക്കുകയാണുണ്ടായത്. സത്യം എപ്പോഴും അങ്ങനെയാണ്... സൂര്യനെപ്പോലെ അത് പുറത്തുവരികതന്നെ ചെയ്യും. സര്‍വശക്തനായ ഭഗവാന് ശ്രീകൃഷ്ണനു പോലും ഒരു നിമിഷത്തേക്കു മാത്രമേ സൂര്യനെ മറച്ചുപിടിക്കാന്‍ കഴിഞ്ഞുള്ളൂ എന്നത് ഏവരും തിരിച്ചറിയേണ്ട പരമമായ സത്യമാണ്.






