ന്യുഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെന്ന് പഹ്ലജ് നിഹ്ലാനി. യൂട്യൂബ് ചാനലായ ലെഹ്റന്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നും നിഹലാനി പറഞ്ഞു.
സ്മൃതി ഇറാനി എപ്പോഴും പ്രശ്നമായിരുന്നു. അവര്‍ ഏത് മന്ത്രാലയത്തില്‍ ഇരുന്നാലും അവിടെ തന്റെ സാന്നിധ്യം തോന്നിപ്പിക്കും. ഇന്ദു സര്‍ക്കാരിന് €ിയറിങ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. ചട്ടപ്രകാരമാണ് പോകുന്നതെന്ന് താന്‍ അറിയിച്ചു. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് തന്റെ അധികാരം കാട്ടിക്കൊടുക്കാനായിരുന്നു സ്മൃതി ഇറാനിയുടെ ലക്ഷ്യം. തന്നേക്കാള്‍ സ്മൃതി ലക്ഷ്യമിട്ടത് അതിനായിരുന്നെന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു.
സല്മാന് ഖാന് നായകനായ ബജ്റംഗി ഭായിജാന് എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിരുന്നു. അത് മറികടന്നാണ് താന്‍ പ്രദര്‍ശനാനുമതി നല്‍കിയത്. ബജ്റംഗി ഭായിജാന് റിലീസ് അനുമതി നല്‍കരുതെന്ന് ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. ഹിന്ദു യുവാവും മുസ്ലീം യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബജ്റംഗി ഭായിജാനെന്ന് സംശയിച്ചാണ് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.






