
താര കല്യാണിന്റെയും മകള്‍ സൗഭാഗ്യയുടെയും വിശേഷങ്ങള്‍....
നൃത്തം ജീവവായുപോലെ കൊണ്ടുനടന്നതിന് പിന്നില്‍ ?
പ്രൊഫഷണല്‍ നൃത്തങ്ങള്‍ക്ക് വായ്പ്പാട്ട് പാടിയിരുന്ന അമ്മ സുബ്ബലക്ഷ്മിയോടൊപ്പം ഡാന്‍സ് പ്രോഗ്രാമുകള്‍ക്ക് ഞാനും കൂട്ടുപോകുമായിരുന്നു. സത്യത്തില്‍ അന്നുമുതലാണ് ഞാന്‍ നൃത്തത്തെ സ്നേഹിച്ചുതുടങ്ങിയത്.
അങ്ങനെയിരിക്കെ സ്കൂളില്‍ ഒരു പരിപാടി നടന്നപ്പോള്‍ എന്റെ നൃത്തവും അവതരിപ്പിച്ചു. ഡാന്‍സുകഴിഞ്ഞ് സ്റ്റേജിനു പിന്നിലേക്ക് പോയപ്പോള്‍ അധ്യാപികമാരും കൂട്ടുകാരും അഭിനന്ദിക്കാനായി അരികിലേക്ക് വന്നു. പിന്നെപ്പിന്നെ സ്കൂളിലെന്ത് പ്രോഗ്രാമുണ്ടെങ്കിലും ഞാനും എന്റെ നൃത്തവും ഒഴിച്ചുകൂടാനാവാത്തതായി മാറി.
കൂടാതെ ചില അസോസിയേഷനുകളുടെയും മറ്റും ഭാഗമായി നടത്തുന്ന പ്രോഗ്രാമുകളിലും പങ്കെടുത്തു. സത്യം പറഞ്ഞാല്‍ കുച്ചിപ്പുഡി ഒഴിച്ച് മറ്റൊന്നിലും ഞാന്‍ അരങ്ങേറ്റം നടത്തിയിരുന്നില്ല. കാരണം ഡാന്‍സ് പഠിച്ചു നൃത്തം ചെയ്യാന്‍ വേദി കിട്ടിയപ്പോള്‍ നേരെയങ്ങ് അവതരിപ്പിച്ചു. പിന്നീട് കലോത്സവങ്ങളിലെ നിറസാന്നിധ്യമായി മാറി.
സ്കൂളും പരിസരപ്രദേശങ്ങളും അടങ്ങിയ ഒരു കൊച്ചു നാട്ടില്‍ മാത്രം അറിയപ്പെട്ടിരുന്ന എന്നെ പരക്കെ അറിയപ്പെടുന്ന നര്ത്തകിയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും മാധ്യമങ്ങള്‍ക്കാണ്.
ഓരോ കലോത്സവങ്ങളില്‍ പങ്കെടുക്കുമ്പോഴും എന്നെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കൊടുത്ത് എന്നെ ഒരു താരമായി അവര്‍ മാറ്റി. സിനിമയില്‍ വരുന്നതിനു മുമ്പുതന്നെ ഞാന്‍ അറിയപ്പെടുന്നവളായി.
സിനിമയിലേക്കുള്ള കടന്നുവരവ്?
തമിഴ്ബ്രാഹ്മണകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന് കല്യാണകൃഷ്ണന്റെയും അമ്മ സുബ്ബലക്ഷ്മിയുടെയും മൂന്നു മക്കളില്‍ ഇളയമകളാണ് ഞാന്‍. ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരി. ഒരു തീരുമാനമെടുക്കണമെങ്കില്‍ മൂന്നുവട്ടമെങ്കിലും ആലോചിക്കും. ഇതൊക്കെയായിരുന്നു എന്റെ സ്വഭാവം.
ഒരുപാട് സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. നൃത്തത്തോട് ഇഷ്ടം വന്നപ്പോള്‍ പഠിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ 'നല്ലൊരു നര്‍ത്തകി' എന്ന പേരും ലഭിച്ചു. സിനിമകള്‍ ഒരുപാട് കാണുമായിരുന്നെങ്കിലും അഭിനയത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. സിനിമയില്‍ വന്നതിനു പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്.
ഒന്ന് നൃത്തം, രണ്ട് -എന്റെ അമ്മ.ഒരു തിങ്കളാഴ്ചദിവസം, ഞാനും അമ്മയും മൂകാംബികയില്‍പ്പോയി തൊഴുതു വന്ന സമയം. വീട്ടിലെത്തിയതും ഞങ്ങളെത്തേടി ഒരതിഥി എത്തി.
'അമ്മേ ഭഗവതീ' എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. ആ സിനിമയുടെ നിര്‍മാതാവ് സുബ്രഹ്മണ്യകുമാര്‍ സാര്‍.
ശ്രീകുമാരന്‍തമ്പി സാറിന്റെ സിനിമയില്‍ ദേവിയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അമ്മ എന്നോട് പറഞ്ഞു 'സമ്മതിക്കൂ മോളേ, മൂകാംബികാദേവിയുടെ അനുഗ്രഹമാണ്.'
അമ്മ പറഞ്ഞതുകൊണ്ട് ഞാന്‍ സമ്മതിച്ചു. അത് പണ്ടേ അങ്ങനെയാണ്. അമ്മ പറയുന്ന കാര്യങ്ങള്‍ അനുസരിക്കും. അന്നൊന്നും സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. തുടര്‍ന്ന് ധാരാളം സിനിമകളില്‍ അഭിനയിച്ചു. പക്ഷേ മികച്ച കഥാപാത്രമെന്ന് പറയാവുന്ന ഒന്നും തന്നെ ലഭിച്ചിരുന്നില്ല, അന്നും ഇന്നും അങ്ങനെതന്നെ.
ചെറുപ്രായത്തില്‍ത്തന്നെ എന്റെ ഇരട്ടിപ്രായമുള്ളവരുടെ അമ്മവേഷം ചെയ്തിട്ടുണ്ട്. അതും അപ്രധാന കഥാപാത്രങ്ങള്‍. സന്തോഷത്തേക്കാളുപരി സങ്കടങ്ങളും സിനിമ എനിക്കു നല്‍കിയിട്ടുണ്ട്.
ഇഷ്ടമേഖലയില്‍ നിന്ന് ജീവിതപങ്കാളിയെയും കണ്ടുപിടിച്ചു?
എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് ചെറുപ്രായം മുതല്‍ എന്റേതു മാത്രമായ ലോകം ഞാന്‍ തീര്‍ത്തു. എന്റെ കാഴ്ചപ്പാടുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍. ഒരു തമാശകേട്ടാല്പ്പോലും പാടുപെട്ടാണ് ഞാന്‍ ചിരിച്ചിരുന്നത്.
അച്ഛനും അമ്മയും ഞങ്ങള്‍ മക്കള്‍ക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയത്. എങ്കിലും സ്വന്തമായി ഉണ്ടാക്കിയ ചിട്ടകളിലൂടെയാണ് ഞാന്‍ ജീവിച്ചത്. എനിക്ക് വിവാഹം ആലോചിക്കുന്ന സമയത്താണ് എന്റെ അമ്മ രാജാറാമിനെ കാണുന്നത്.
അദ്ദേഹം അഭിനേതാവും അതിലുപരി നര്‍ത്തകനും കൊറിയോഗ്രാഫറും കൂടിയായിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ അമ്മയ്ക്ക് അദ്ദേഹത്തെ ഇഷ്ടമായി. അച്ഛന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സംസാരിച്ചു. താമസിയാതെ ഞങ്ങളുടെ വിവാഹനിശ്ചയവും നടന്നു.
വിവാഹശേഷമാണ് ഞാനേറെക്കുറെ മാറിയത്. ചിറകിന്‍കീഴില്‍ സംരക്ഷിക്കുന്ന ഭര്‍ത്താവായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒരു കാര്യത്തിനും എന്റെ കൂടെ വരില്ല. എല്ലാക്കാര്യങ്ങളും ഞാന്‍ ഒറ്റയ്ക്ക് ചെയ്യണം. അദ്ദേഹം രാവിലെ വീട്ടില്‍നിന്ന് പോയിക്കഴിഞ്ഞാല്‍ വൈകിട്ടേ എത്തൂ.
ഇതിനിടയില്‍ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെത്താന്‍ പോയി ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും അദ്ദേഹം പറഞ്ഞതാണ് ശരിയെന്ന് മനസിലായി. സ്ത്രീകളെപ്പോഴും മറ്റുള്ളവരെ ആശ്രയിച്ച് നില്‍ക്കരുതെന്ന് അദ്ദേഹം പറയും.
എന്റെ അച്ഛനും അമ്മയ്ക്ക് വേണ്ടുവോളം സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എന്റെ മകള്‍ പറയും, ഇത്രയും സപ്പോര്‍ട്ടീവായ ഭര്‍ത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാണെന്ന്. (താര പറഞ്ഞുനിര്‍ത്തിയതും മകള്‍ സൗഭാഗ്യ കുസൃതിച്ചിരിയുമായി അമ്മയ്ക്കരികിലെത്തി)
സൗഭാഗ്യ: - രണ്ടുപേരും സ്നേഹിക്കുന്നതുപോലെ തന്നെ വഴക്കും കൂടാറുണ്ട് കേട്ടോ.
താര: - ഇണക്കമുള്ളിടത്തല്ലേ പിണക്കവുമുണ്ടാകൂ. കാഴ്ചയില്‍ അല്‍പ്പം ഗൗരവം തോന്നുമെങ്കിലും നല്ല തമാശക്കാരനാണ് രാജാറാം. എന്റെ ഡാന്‍സ്ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം അദ്ദേഹത്തെ വലിയ ഇഷ്ടമാണ്.
വിവാഹം കഴിഞ്ഞ സമയത്ത് നിസാരകാര്യത്തിനുപോലും ഞാന്‍ വഴക്കിടുമായിരുന്നു. പിണങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ അങ്ങോട്ടുകയറി മിണ്ടില്ല. കുറച്ചുകഴിയുമ്പോള്‍ അദ്ദേഹം തന്നെ വന്ന് പിണക്കം മാറ്റും.
എന്നിട്ടു പറയും, 'ഞങ്ങള്‍ പുരുഷന്മാര് നിങ്ങളുടെ അടുത്തുവന്ന് 'സോറി' പറയുന്നതുവരെ കാത്തിരിക്കരുത്, മാത്രമല്ല, ഇങ്ങനെ ചെറിയ കാര്യങ്ങള്‍ക്ക് വഴക്കുകൂടുന്നതും ശരിയല്ല.' അദ്ദേഹം പറഞ്ഞത് ശരിയാണെന്നെനിക്ക് മനസിലായി. എങ്കിലും, ഇപ്പോഴും വഴക്കുകൂടാറുണ്ട്. അതൊരു രസമാണ്.
താര: പറയുന്നതു കേട്ടാല്‍ത്തോന്നും ഞങ്ങളിവിടെ ഭയങ്കര വഴക്കാണെന്ന്. ചെറിയ കാര്യങ്ങളാണ് വഴക്കുകള്‍ക്ക് കാരണം. ആ സമയത്ത് എന്റെ പുന്നാരമോള് തക്കംനോക്കി നില്ക്കും. ആദ്യം അച്ഛന്റെ കൂടെ, ഞാന്‍ അല്‍പ്പം സെന്റിയായാല്‍ നേരെ മലക്കംമറിഞ്ഞ് എന്റെ ഭാഗം നില്ക്കും. (എന്നിട്ട് മകളെ നോക്കി) 'അല്ലേ സൗഭൂ.'
സൗഭാഗ്യ:- 'അതുപിന്നെ, ഒരാളോട് മാത്രം ഇഷ്ടം കാണിച്ചാല്‍ മറ്റേയാള്‍ക്ക് വിഷമമാകും. രണ്ടുപേരും എന്റെ ബെസ്റ്റ് ഫ്രണ്ട്സല്ലേ, അമ്മാ.
അമ്മയും മകളും മാത്രമല്ല, നല്ല കൂട്ടുകാര്ക്കൂടിയാണ്?
താര: ചെറുപ്പത്തില്‍ എനിക്ക് കുട്ടികളെ തീരെ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ വിവാഹം കഴിഞ്ഞ് അമ്മയാകാന്‍ പോകുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ വല്ലാത്തൊരു സന്തോഷമായിരുന്നു. ഇപ്പോഴും ഓര്‍ക്കുന്നു, സിസേറിയനായിരുന്നു എന്റേത്.
അതുകൊണ്ട് തന്നെ ഏഴുദിവസം കഴിഞ്ഞേ ആശുപത്രിയില്‍ നിന്നും വിടുകയുള്ളൂ. അങ്ങനെ കാത്തുകാത്തിരുന്ന് ആ ദിവസം വന്നെത്തി. കുഞ്ഞുമായി നേരെ എന്റെ വീട്ടിലേക്ക് വന്നതും ശ്രദ്ധപോയത് ടി.വി.യിലേക്കാണ്.
ഒരു പരസ്യം. ഒരു സ്ത്രീ കല്യാണം കഴിഞ്ഞ് കുഞ്ഞിനെ പ്രസവിക്കുന്നു, പിന്നെ ആ കുഞ്ഞ് വളര്‍ന്നുവലുതായി അച്ഛനോടും അമ്മയോടും ടാറ്റാ പറഞ്ഞ് പോകുന്നു. അപ്പോള്‍ ആ മകളുടെ കൈയില്‍ ഒരു സ്യൂട്ട്കെയ്സ് ഉണ്ടായിരുന്നു. പരസ്യം തീര്‍ന്നതും ഞാനുറക്കെയിരുന്ന് കരഞ്ഞു.
ഇതുകണ്ട് അച്ഛന് എന്നോടു ചോദിച്ചു, 'എന്തിനാണ് കരയുന്നത്? അതിന് ഞാന്‍ പറഞ്ഞ മറുപടി എന്താണെന്നോ, 'അച്ഛാ, എന്റെ മോളെ, ഞാനെങ്ങനെ കെട്ടിച്ചുവിടും?' സത്യം പറഞ്ഞാല്‍ അച്ഛന് ഞെട്ടിപ്പോയി.
പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോഴേ മകളുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ച എന്റെ അവസ്ഥകണ്ട് എന്റെ അമ്മയും ചേച്ചിയുമൊക്കെ ചിരിച്ചു. മോളുണ്ടായ ശേഷം ഒരു മണിക്കൂര്‍പോലും ഞാന്‍ തികച്ചുകിടന്നുറങ്ങാറില്ല.
രാത്രിയായാല്പ്പോലും പെട്ടെന്ന് കണ്ണുതുറക്കും, 'അവള് അരികിലുണ്ടോ, സുരക്ഷിതയാണോ' എന്നൊക്കെയായിരുന്നു ചിന്ത. എന്നെപ്പിരിഞ്ഞ് ഒരുനിമിഷം പോലും മകള്‍ നിന്നിട്ടില്ല. ഷൂട്ടിന്റെ സമയങ്ങളില്‍ എനിക്ക് അവളുടെയടുത്തു നിന്ന് മാറിനില്‍ക്കേണ്ടിവരും.
എങ്കിലും ഇടയ്ക്ക് വിളിക്കുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്യും. ഇപ്പോഴും ഞാന്‍ പോകുമ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ 'അമ്മാ പോകണ്ട' എന്നുപറഞ്ഞ് കരയും. വീട്ടിലെ രാജകുമാരിയാണ് സൗഭു. വിവാഹം കഴിഞ്ഞ് അവള് ഭര്‍തൃവീട്ടിലേക്ക് പോകുന്ന കാര്യം ചിന്തിക്കാന്‍ എനിക്ക് പറ്റില്ല,
അതുകൊണ്ട് ദൂരേക്കൊന്നും മോളെ വിവാഹം കഴിച്ചയയ്ക്കില്ലെന്നും കൈയെത്തും ദൂരത്ത് തന്നെ നിര്‍ത്താമെന്നുമാണ് അദ്ദേഹം പറയുന്നത്.
സൗഭാഗ്യ എന്റെ ജീവിതത്തില്‍ വന്നശേഷം സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്റെ മനസ് അവള്‍ക്കു മുന്നില്‍ തുറന്ന പുസ്തകമാണ്.
സിനിമയില്‍ നിന്നും എനിക്കു നേരിട്ട പല സങ്കടങ്ങളും ഞാന്‍ പങ്കുവച്ചത് മകളോടായിരുന്നു. അമ്മയാണെങ്കില്‍പ്പോലും എന്റെ ഭാഗത്ത് തെറ്റുകണ്ടാല്‍ ചൂണ്ടിക്കാണിക്കാനും, തിരുത്താനും സുഹൃത്തായി അവള് നിന്നു.
എന്നെ ലോകം കാണാന്‍ പഠിപ്പിച്ചത് ഇവളാണ്, സോഷ്യല്‍ മീഡിയകളില്‍ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുതന്നതും മോളാണ്, ഞങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ പോലും ഒരുപോലെയാണ്. എന്തിനേറെ, മിക്കപ്പോഴും ഞങ്ങള്‍ ഒരേകാര്യം ഒരേ ടോണില്‍ പറയാറുണ്ട്.
സൗഭാഗ്യയ്ക്കുവേണ്ടി കൊച്ചിയില്‍ ഞാനും ഭര്‍ത്താവും ഒരു ഫ്ളാറ്റ് വാങ്ങിച്ചിട്ടുണ്ട്. ഒരിക്കല്‍ അവളെയും കൂട്ടി അവിടെ ചെന്നപ്പോള്‍ അവളെന്നോടു പറഞ്ഞു.
'എത്ര മനോഹരമായ ഫ്ളാറ്റാ അമ്മാ നിങ്ങള്‍ രണ്ടുപേരും എനിക്ക് വാങ്ങിച്ചുതന്നത്, എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.'' അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷം കൊണ്ടാവാം എന്റെ കണ്ണുകള്‍ നിറഞ്ഞു.
(പറഞ്ഞറിയിക്കാത്തവിധമുള്ള സ്നേഹമായതുകൊണ്ടാകാം, ആ അമ്മയുടെ വാക്കുകള്‍ ഇടയ്ക്കുവച്ച് മുറിഞ്ഞു. ദുപ്പട്ടയുടെ ഒരു ഭാഗമെടുത്ത് നിറഞ്ഞുവന്ന കണ്ണീരൊപ്പി.)
അമ്മ ഹലോ എന്നു പറഞ്ഞതും മറുതലയ്ക്കല്‍ നിന്ന് അയാള്‍ ഇങ്ങനെ പറഞ്ഞു. 'നമസ്കാരം ടീച്ചറെ, സൗഭാഗ്യ ഇന്ന് സര്‍പ്രൈസായി ആഘോഷിക്കാനിരിക്കുന്ന താരടീച്ചറിന്റെ പിറന്നാളാഘോഷത്തിന് എനിക്കു വരാന്‍ സാധിക്കില്ല. ക്ഷമിക്കണം.' ഓ.കെ , സാരമില്ല എന്നു പറഞ്ഞ്, അമ്മ കട്ട്ചെയ്തു.
അപ്പോള്‍ത്തന്നെ സര്പ്രൈസ്കാര്യം അമ്മ എന്നോട് ചോദിച്ചു. ഗത്യന്തരമില്ലാതെ എല്ലാം പറയുകയും ചെയ്തു. അങ്ങനെ എന്റെ സര്‍പ്രൈസ് പൊളിഞ്ഞു.
ആ നിമിഷം എനിക്ക് ആ കുട്ടിയുടെ അച്ഛനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. (ചിരിക്കുന്നു). അതില്‍പ്പിന്നെ അമ്മയ്ക്ക് ഞാന്‍ സര്‍പ്രൈസ് കൊടുത്തിട്ടില്ല.
അമ്മ സുബ്ബലക്ഷ്മി വൈകിയാണ് സിനിമയില്‍ എത്തിയത്?
ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും പാവം സ്ത്രീ എന്റെ അമ്മയാണ്. ആരോടും പിണക്കമില്ലാത്ത അമ്മ. തിരുവന്തപുരത്ത് ഒരു ഫ്ളാറ്റിലാണ് അമ്മ താമസിക്കുന്നത്. ആ ഫ്ളാറ്റിലെ തന്നെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ ചേച്ചിയും താമസിക്കുന്നുണ്ട്. എങ്കിലും തനിയെ താമസിക്കുന്നതാണ് അമ്മയ്ക്കിഷ്ടം.
മക്കളെല്ലാം അവിടെ ചെന്ന് കാണണമെന്നാണ് അമ്മയുടെ ആഗ്രഹം. ഇന്ന് കലോത്സവങ്ങളിലും മറ്റുപരിപാടികളിലും കുട്ടികള്‍ ചുവടുവയ്ക്കുന്ന ക്ളാസിക് പാട്ടുകള്‍ പാടിയതും പാടിക്കൊണ്ടിരിക്കുന്നതും അമ്മയാണ്.
പലര്‍ക്കും ഇക്കാര്യം അറിയില്ല. അറിയുന്നവര്‍ പറഞ്ഞിട്ടുമില്ല. അര്‍ഹിക്കുന്ന ഒരംഗീകാരം ഈ നിമിഷം വരെ ആരും അമ്മയ്ക്ക് നല്‍കിയിട്ടില്ല. വേണമെന്ന് അമ്മയ്ക്ക് ആഗ്രഹമില്ലെങ്കിലും അമ്മയുടെ പാട്ടുകളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ തട്ടിയെടുക്കുന്നതു കാണുമ്പോള്‍ ഉളളില്‍ ചെറിയൊരു വിങ്ങലാണ്.
സൗഭാഗ്യ: - എന്നെക്കാള്‍ കുസൃതി പാട്ടിയാണ്. മാസത്തിലെ ഒരാഴ്ച പാട്ടി വീട്ടില്‍ ഞങ്ങളോടൊപ്പം നില്ക്കാന് വരും. ആ സമയം പാട്ടിയെയും കൊണ്ട് ലുലുമാളില്‍ പോകും, അവിടെ ചെന്നുകഴിഞ്ഞാല്‍ കൊച്ചുകുട്ടികളെ പോലെ പാട്ടിയെല്ലാം ചൂണ്ടിക്കാണിക്കും. അതൊക്കെ ഞങ്ങള്‍ വാങ്ങിക്കൊടുക്കും. പാട്ടി നന്നായി പെയിന്റ് ചെയ്യും.
അതുകൊണ്ട് വരയ്ക്കാനാവശ്യമായ സാധനസാമഗ്രികളൊക്കെ വാങ്ങിക്കൊടുത്തു കഴിയുമ്പോള്‍ പാട്ടി അമ്മയോട് പറയും. 'താര, ഞാന്‍ ഹാപ്പിയായി'. ഞങ്ങള്‍ ഒന്നിച്ച് കൂടുമ്പോള്‍ അച്ഛന് ചോദിക്കും ' സത്യത്തില്‍ നിങ്ങളിലാരാണ് കുട്ടികള്‍', അതുകേള്‍ക്കേണ്ട താമസം പാട്ടി പൊട്ടിച്ചിരിക്കും.