
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഹനപ്രേമികളുടെ ചര്‍ച്ചാവിഷയം ഗ്ലാമര്‍ ലുക്കില്‍ എത്തുന്ന സ്വിഫ്റ്റിന്റെ സ്പോര്‍ട് എഡിഷനെക്കുറിച്ചാണ്. നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഇപ്പോള്‍ വാഹനത്തിന്റെ എന്ജിന് വിവരങ്ങളും മൈലേജും അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന ഫ്രാങ്കഫര്‍ട്ട് മോട്ടര്‍ ഷോയില്‍ സ്വിഫ്റ്റ് സ്പോര്‍ട്ടിനെ സുസൂക്കി ലോകത്തിന് പരിചയപ്പെടുത്തും.
നിലവിലെ മോഡലിനേക്കാള്‍ 90 കിലോഗ്രാം കുറവായിരിക്കും സ്പോര്ട്ടിനുണ്ടാകുക. മാനുവല്‍ വേരിയന്റിന് 970 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക്കിന് 990 കിലോഗ്രാം ഭാരവുമായിരിക്കും. സാധാരണ മോഡല്‍ പോലെ തന്നെ 1735 എംഎം തന്നെയായിരിക്കും വലുപ്പം.
മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ കടും മഞ്ഞ നിറത്തില്‍ അണിയിച്ചൊരുക്കിയാണ് സ്വിഫ്റ്റ് സ്പോര്‍ട്ടിന്റെ വരവ്. അടിസ്ഥാന മോഡലില്‍ നിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ബംമ്പര്‍, ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്.
1.4 ലിറ്റര്‍ കെ 14സി ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും സ്വിഫ്റ്റ് സ്പോര്ട്ടിന് കരുത്തുപകരുക. 5500 ആര്‍പിഎമ്മില്‍ 148 ബിഎച്ച്പി കരുത്തേകുന്നതാണ് സ്പോര്‍ട്ടിന്റെ എഞ്ചിന്. 1500-4000 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ ട്രാന്സ്മിഷന്.
മാനുവല്‍ ട്രാന്സ്മിഷനില് 16.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 16.2 കിലോമീറ്ററുമായിരിക്കും മൈലേജ്. ഏകദേശം പത്തു ലക്ഷം രൂപയിലധികമായിരിക്കും വാഹനത്തിന്റെ വില.






