
ട്രയംഫ് സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 8.10 ലക്ഷം രൂപയാണ് ട്രയംഫ് സ്ട്രീറ്റ് സ്ക്രാമ്പളറിന്റെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ ട്രയംഫ് ബോണവില്‍ കുടുംബത്തിലേക്കുള്ള പുതിയ അംഗമാണ്. ബോണവില്‍ നിരയെ അടിസ്ഥാനപ്പെടുത്തിയാണ് സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ എത്തുന്നതെങ്കിലും, തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ഭാഷയാണ് മോഡല്‍ പിന്തുടരുന്നത്.
900 സിസി ലിക്വിഡ്-കൂള്‍ഡ് ഹൈ-ടോര്‍ഖ് എഞ്ചിനിലാണ് ട്രയംഫ് സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ ഒരുങ്ങുന്നത്. 54 bhp കരുത്തും 78.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ലഭ്യമാകുന്നതും. പുതുക്കിയ സീറ്റും റിയര്‍ ഫെന്‍ഡറും, ഹൈ-മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റം, ഡ്യൂവല്‍ പര്‍പസ് നോബി ടയറുകളും പുതിയ ഡിസൈന്‍ ഭാഷ വെളിപ്പെടുത്തുന്നതാണ്. കസ്റ്റമൈസേഷനായി 150 ല്‍ പരം ആക്സസറികളും ട്രയംഫ് ലഭ്യമാക്കുന്നുണ്ട്. ഡ്യൂക്കാറ്റി സ്ക്രാമ്പ്ളര്‍ മാത്രമാണ് ട്രയംഫ് സ്ട്രീറ്റ് സ്ക്രാമ്പ്ളറിന്റെ ഇന്ത്യന്‍ എതിരാളി.
ടെലിസ്കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യൂവല്‍ റിയര്‍ ഷോക്കുകള്‍, ഫ്രണ്ട്-റിയര്‍ ഡിസ്ക് ബ്രേക്കുകള്‍, ബാഷ് പ്ലേറ്റ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സവിശേഷതകള്‍. സ്ക്രാമ്പ്ളര്‍ ചാസിയില്‍ ഒരുങ്ങിയാണ് ട്രയംഫ് സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ എത്തുന്നത്. ട്രാക്ഷന്‍ കണ്‍ട്രോളിനും, സ്വിച്ചബിള്‍ എബിഎസിനും പിന്തുണയേകുന്നതാണ് സ്ട്രീറ്റ് സ്ക്രാമ്പ്ളറിലെ റൈഡ്-ബൈ-വയര്‍ ടെക്നോളജി. ജെറ്റ് ബ്ലാക്, മാറ്റ് കാക്കി ഗ്രീന്‍, കൊറോസി റെഡ്, ഫ്രോസന്‍ സില്‍വര്‍ നിറഭേദങ്ങളില്‍ ട്രയംഫ് സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ ലഭ്യമാണ്. മെറ്റ്സെലര്‍ ടൂറന്‍സ് ടയറുകളിലാണ് ഒരുങ്ങുന്നതാണ് 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ സ്പോക്ക് വീലുകള്‍.






