ഛണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് വളര്‍ത്തു മകളായ ഹണിപ്രീത്. ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റോത്തക് ജില്ലാ ജയിലിലേക്ക് മാറ്റിയപ്പോള്‍ തനിക്കൊപ്പം മകള്‍ ഹണിപ്രീതിനെക്കൂടി അയക്കണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നു. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് വളര്‍ത്തു മകളെ ഒപ്പം കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടത്.
റോത്തക്കിലേക്ക് പോകുന്നതിന് മുമ്പ് തനിക്കൊപ്പം മകളെക്കൂടി ജയിലിലേക്ക് അയക്കണമെന്ന് ഗുര്‍മീത് പഞ്ച്കുള സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. റാം റഹീം സിങ് കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് മകള്‍ ഹണിപ്രീത് അഭിഭാഷകന് മുഖേനയാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഗുര്‍മീതിന്റെ ആവശ്യം സിബിഐ കോടതി നിരസിച്ചു. കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകില്ലെന്നും പ്രതിക്കൊപ്പം മറ്റൊരാളെ അനുവദിക്കണോ എന്നത് തീരുമാനിക്കാന്‍ സര്‍ക്കാരിനോ ജയില്‍ അധികൃതര്‍ക്കോ ആണ് അധികാരമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം തള്ളിയത്.
അതേസമയം തനിക്കൊപ്പം അന്നേ ദിവസം ജയിലില്‍ കഴിയാന്‍ മകളെ അനുവദിച്ചില്ലെങ്കില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഗുര്‍മീത് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പുരുഷ കുറ്റവാളികള്‍ക്കൊപ്പം സ്ത്രീകളെ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു.






