
തിരുവോണപ്പുലരി തന്
തിരുമുല്ക്കാഴ്ച വാങ്ങാന്
തിരുമുറ്റമണിഞ്ഞൊരുങ്ങി....
തൃപ്പൂണിത്തുറയിലെ തിരക്കേറിയ നഗരവീഥിയില് നിന്നൊഴിഞ്ഞ് തിരുവോണമെന്ന വീട്ടിലേക്കെത്തിയപ്പോള് കേരളപ്പഴമയുടെ ഒട്ടും മങ്ങാത്ത സൗന്ദര്യമാണ് കാണാനായത്. തുമ്പപ്പൂവും മുക്കൂറ്റിയും പൊന്നിന് ചിങ്ങത്തെ വരവേല്ക്കാനൊരുങ്ങി നില്ക്കുന്നൊരു പ്രതീതി.
മിഴിക്കു നീലാഞ്ജന പുഞ്ജമായും
ചെവിക്കു സംഗീതസാരമായും
മെയ്യിന്നു കര്പ്പൂരകപൂരമായും
പുലര്ന്നുവല്ലോ പുതുവര്ഷകാലം...
ശ്രീവല്സന്.ജെ.മേനോന്റെ ശബ്ദമാധുര്യമേറിയ മണ്സൂണ് അനുരാഗയെന്ന ആല്ബത്തിലെ ഈ വരികള് ഹൃദയത്തോട് ചേര്ക്കാത്ത മലയാളികളുണ്ടാവില്ല.
തിരുവോണമെന്ന വീട്ടിലേക്കുള്ള പടിക്കെട്ടുകള് കയറുമ്പോള് മനസ്സുനിറയെ ഈ വരികളായിരുന്നു...സംഗീതത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ശ്രീവല്സന്.ജെ.മേനോന് ഓണത്തെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ്...
ഓരോ ഓണവും പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നല്കുന്നത്. ഈ ഔണത്തെക്കുറിച്ച് ?
പ്രകൃതിയൊട്ടാകെ അതീവ സന്തുഷ്ടയായിരിക്കുന്ന നിമിഷമാണ് ഓണം. പ്രകൃതിയും സമൂഹവും നാമോേരാരുത്തരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ് ഓണം.
ഓണത്തിന് വല്യ തിമിര്പ്പൊന്നും ഞങ്ങളുടെ കുടുംബത്തിലില്ല. വര്ഷം കടക്കുന്തോറും സംഗീതത്തിന്റെ പുതിയ മേഖലകളിലേക്കെത്താനും പുതിയ കാര്യങ്ങള് പഠിക്കാനുമാണ് ശ്രമിക്കാറുള്ളത്. ഒപ്പം കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും.
തൃപ്പൂണിത്തുറയിലാണ് വീട്. ഓണമെത്തിയാല് ഇവിടെ തകൃതിയായി ആഘോഷമാണ്. അത്തം മുതല് തിരുവോണം വരെ മുടങ്ങാതെ പൂക്കളമിടും. മക്കള്ക്കും പൂക്കളമിടാനും സദ്യ തയ്യാറാക്കാനുമെല്ലാം വലിയ താല്പര്യമാണ്.
കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓണം ?
അച്ഛന്റേയും അമ്മയുടേയും ഒരേയൊരു മകനാണ് ഞാന്. അച്ഛന്റെ തറവാട് പാലക്കാട് തത്തമംഗലത്താണ്. കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചോര്ക്കുമ്പോള് അച്ഛന്റെ തറവാടാണ് ഓര്മ്മ വരുന്നത്. കണ്ണെത്താദൂരത്തുള്ള നെല്വയലുകളും സ്വാദേറിയ മാമ്പഴവും ചക്കയുമെല്ലാം മധുരമൂറുന്ന ഓര്മ്മകളാണ്.
അവിടെ ഓണപ്പുടവ നല്കുകയെന്നത് വലിയൊരു ആഘോഷമാണ്. വലിയ തറവാടായതുകൊണ്ട് അവിടെയുള്ള പണിക്കാര്ക്കും വാല്യക്കാര്ക്കുമെല്ലാം ഓണക്കാലത്ത് മുടങ്ങാതെ ഓണപ്പുടവ നല്കും. നൂറോളം പേര്ക്ക് ഓണപ്പുടവ മുത്തച്ഛന് മുടങ്ങാതെ നല്കുമായിരുന്നു. പൂപറിക്കാന് നാടുതോറും ഉല്ലസിച്ച് നടക്കുന്നതും അത്തപ്പൂവിടുന്നതും മറക്കാനാവില്ല.
തൃശ്ശൂരാണ് ഞാന് ജനിച്ചത്. അവിടെ ഓണത്തോടനുബന്ധിച്ച് പുലികളിയും കുമ്മാട്ടിക്കളിയുമെല്ലാം തകൃതിയായി നടക്കാറുണ്ടായിരുന്നു.
സംഗീതജീവിതത്തെക്കുറിച്ച്...?
ദൈവാനുഗ്രഹവും ഗുരുത്വവും ലഭിച്ചതുകൊണ്ട് ഇവിടെ വരെയെത്തിയെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്. എല്. കെ. ജി. മുതല് എന്നെ മകനെപ്പോലെ കണ്ട് പഠിപ്പിച്ച രാജലക്ഷ്മി ടീച്ചര്, ടി.വി.രമണി സാര്, നെയ്യാറ്റിന്കര വാസുദേവന് സാര് ഇവരെല്ലാം എന്റെ പ്രിയ ഗുരുക്കന്മാരാണ്.
നെയ്യാറ്റിന്കര സാറിന്റെ മരണംവരെ അദ്ദേഹത്തിന്റെ കീഴില് ഞാന് സംഗീതം അഭ്യസിച്ചിരുന്നു. സാറിനൊപ്പം 88 മുതല് അദ്ദേഹം മരിക്കുവോളം അദ്ദേഹത്തിന്റെ കീഴില് സംഗീതം അഭ്യസിച്ചു.
ഓണത്തിന്റെ പ്രാധാന്യമെല്ലാം നഷ്ടപ്പെട്ടു പോകുന്നതായി തോന്നിയിട്ടില്ലേ ?
ഓരോ കാലത്തുമുണ്ടാവുന്ന മാറ്റങ്ങളെ ആര്ക്കും മുന്കൂട്ടിക്കണ്ട് നിര്വ്വചിക്കാനാവില്ല. ഇക്കാലത്ത് കുട്ടികള് ഓണത്തിനും മറ്റ് കേരളീയ ഉത്സവങ്ങള്ക്കുമെല്ലാം എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നെനിക്കറിയില്ല.
പക്ഷേ എന്റെ മക്കള് അത്തരമൊരു വേര്തിരിവോടെ ഓണത്തെയോ മറ്റോ മാറ്റി നിര്ത്തുന്നില്ല. അവരില് പഴമയുടെ വിശ്വാസങ്ങളും പുതുമയുടെ മാറ്റങ്ങളും തുല്യമായുണ്ട്. പുറമെ എന്തെല്ലാം മാറ്റങ്ങളുണ്ടായാലും എന്നും മനസ്സില് നന്മ മാത്രം കാത്തുസൂക്ഷിക്കുക.

മണ്സൂണ് അനുരാഗ, വിസ്മയ, വാനപ്രസ്ഥം തുടങ്ങി വ്യത്യസ്തമായ ആല്ബങ്ങളാണ് ചെയ്തവയിലേറെയും. വിഷയങ്ങള് തെരഞ്ഞെടുക്കുന്നതെങ്ങനെ ?
പുതുമയേറിയ വിഷയങ്ങള് കൈകാര്യം ചെയ്യാനാണ് കൂടുതലും ശ്രമിക്കാറ്. അതു ചിലപ്പോള് പൂക്കളാവാം, മഴയാവാം, കുഞ്ചന് നമ്പ്യാരാവാം മറ്റു ചിലപ്പോള് നവരസങ്ങളുമാവാം.
ഇതെല്ലാം ഒരു ശ്രമമാണ്. ചിലതെല്ലാം മനസ്സില് ആലോചിച്ചുറപ്പിച്ചിട്ട് അവസാനം നടക്കാതിരിക്കാറുമുണ്ട്. ഒരു ആല്ബം ചെയ്തതിന് ശേഷം പിന്നീട് അതെക്കുറിച്ച് ചിന്തിക്കുകയോ െടന്ഷനടിക്കുകയോ ചെയ്യാറില്ല. ഒരെണ്ണം കഴിഞ്ഞാല് അടുത്തത്.
വാനപ്രസ്ഥമെന്ന ആല്ബത്തെക്കുറിച്ച് ?
ചെറുകഥയെ ആസ്പദമാക്കി ആദ്യമായാണ് ഞാന് സംഗീതം ചെയ്യുന്നത്. വ്യത്യസ്തമായ ചിന്തയും എം.ടി.സാറിന്റെ വാനപ്രസ്ഥമെന്ന കഥയുമാണ് ആകര്ഷിച്ചത്.
മൈ മദേഴ്സ് ലാപ്ടോപ് ആയിരുന്നല്ലോ ആദ്യചിത്രം... ?
മണ്സൂണ് അനുരാഗ ആല്ബത്തിന്റെ റിവ്യു ഇന്ഡ്യ ടുഡേയില് വന്നു. അന്ന് അത് തയ്യാറാക്കിയത് ഇന്ത്യ ടുഡേ സീനിയര് കറസ്പ്പോണ്ഡന്റായ രൂപേഷ് പോളാണ്. ആ സൗഹൃദമാണ് രൂപേഷിന്റെ ആദ്യ ചിത്രമായ മൈ മദേഴ്സ് ലാപ്ടോപ്പിലെത്തിച്ചത്.
അവിചാരിതമായാണ് രൂപേഷ് ലാപ്ടോപ്പിനെക്കുറിച്ച് പറഞ്ഞത്. കേട്ട മാത്രയില് മികച്ചൊരു ചിത്രമായാണ് എനിക്ക് തോന്നിയത്. താല്പര്യം തോന്നിയ വിഷയമായതുകൊണ്ട് അത് ചെയ്തു.
അദ്ധ്യാപനവും സംഗീതവും ഒരുമിച്ച് ?
തൃശ്ശൂരിലെ കാര്ഷിക സര്വകലാശാല അദ്ധ്യാപകനാണ് ഞാന്. സംഗീതവും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടുപോകുന്നതില് ഇതുവരെ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ഒരു സമയത്ത് അദ്ധ്യാപനമാണെങ്കില് അതില് മാത്രം ശ്രദ്ധിക്കും. സംഗീതമാണെങ്കില് അത് മാത്രം. ഒരു സമയത്ത് ഒരു ജോലി മാത്രം.
ശ്രോതാക്കളുടെ മനസ്സറിഞ്ഞ് സംഗീതം ചെയ്യാന് ശ്രമിക്കാറുണ്ടോ ?
പലപ്പോഴും സംഗീതപ്രേമികളെ മുന്നില് കണ്ട് സംഗീതം ചെയ്യാനാവില്ല. നമ്മുടെ മനസ്സിലെ ആശയങ്ങള് കഴിവിനനുസരിച്ച് പ്രാവര്ത്തികമാക്കാന് ശ്രമിക്കുക. അത്രമാത്രം. ചെയ്തതിന് ശേഷം പ്രേക്ഷകര് ഇരുകൈയ്യും നീട്ടി അത് സ്വീകരിക്കുമ്പോള് ഒരു സന്തോഷം. അത്രമാത്രം.
പ്രഗത്ഭര്ക്കൊപ്പമുള്ള അനുഭവങ്ങള്?
ലാല്ഗുഡി ജയരാമന് സാര്, പാലക്കാട് രഘുസാര്, ഹരിഹരന് സാര്, ദക്ഷിണാമൂര്ത്തി സ്വാമി, ജോണ്സണ് മാസ്റ്റര്, എം. ജി.രാധാകൃഷ്ണന് ചേട്ടന്. എം.ടി.സാര്, ആര്ട്ടിസ്റ്റ് നമ്പൂതിരി സാര് എന്നിവര്ക്കൊപ്പവും കഥകളി രംഗത്ത് ശങ്കരന് എമ്പ്രാന്തിരിയാശാന്, ഹൈദരാലിയാശാന്, വെണ്മണി ഹരിദാസേട്ടന് എന്നിവര്ക്കൊപ്പവും പ്രവര്ത്തിക്കാനായിട്ടുണ്ട്.







Comments