
പൂക്കളവും പുലികളിയും ഓണസദ്യയും പുത്തനുടുപ്പും ഒക്കെയോര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ഓണംകൂടി വരവായി. എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ടിരുന്ന മാവേലി, നാടു കാണാനിറങ്ങുന്ന ഓണം പോലെ സുന്ദരമായ ഒരാഘോഷം വേറെയുണ്ടാവില്ല. അത്തം മുതല്‍ പത്തുദിനം മുറ്റത്തൊരുക്കുന്ന പൂക്കളവും ഉത്രാടത്തില് സദ്യയൊരുക്കാനുള്ള ഉത്രാടപ്പാച്ചിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സമ്മാനിക്കാനുള്ള ഓണക്കോടിയുമൊക്കെയില്ലാതെ എന്ത് ഓണം?
മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മുറ്റവും പരിസരവും വൃത്തിയാക്കുക എന്നത് ഓണത്തിന്റെ മുന്നൊരുക്കമാണ്. മുമ്പ് കൂട്ടത്തോടെ പറന്നിറങ്ങുന്ന ഓണത്തുമ്പികളായിരുന്നു ഓണവരവറിയിച്ചിരുന്നത്.
കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. ഓണക്കോടി എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്ക്കുന്നത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സമ്മാനിക്കുന്ന ഓണക്കോടിയുടെ പുതുമണവും വിഭവ സമൃദ്ധമായ ഓണസദ്യയുമാണ് ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കുന്നത്.
ലോകത്തെവിടെയായാലും ഓണമാഘോഷിക്കാത്ത മലയാളികളുണ്ടാവില്ല. തന്റെ പ്രജകളെ കാണാന്‍ മഹാബലി തമ്പുരാന് എഴുന്നുള്ളുന്ന ഓണനാളുകള്‍ മലയാളിക്കെന്നും പ്രിയപ്പെട്ടതാണ്.
വടക്കേയറ്റത്ത് കാസര്‍കോഡ് മുതല്‍ തെക്ക് തിരുവനന്തപുരംവരെയുള്ള മലയാളികള്‍ ഒരേ മനസോടെ ഓണം ആഘോഷിക്കുന്നു. എങ്കിലും ഓരോ നാടിന്റെയും ആഘോഷങ്ങള്‍ വ്യത്യസ്തമാണ്.
അത്തച്ചമയം
പത്തുദിവസത്തെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്ന അത്തച്ചമയം മലയാളികള്‍ക്ക് ഓണത്തിന്റെ വരവറിയിക്കുന്ന ആഘോഷമാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ഓണമാമാങ്കങ്ങളിലൊന്നായ ഇത് നടക്കുന്നത്. കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഇവിടെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ അത്തച്ചമയം ആഘോഷിച്ചിരുന്നത്. ഇന്ന് കേരളത്തിന്റെ ഔദ്യോഗികമായ ഓണപ്പരിപാടി കൂടിയാണിത്. തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന ഓണപ്പതാക ഉയര്‍ത്തുന്നതോടെയാണ് ഇതിന് തുടക്കമാവുന്നത്. ഓണത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണിത്.
ഓണത്തെയ്യം
തെയ്യങ്ങളുടെ നാടായ കണ്ണൂരില്‍ ഓണത്തിന് മാത്രം പ്രചാരമുള്ള തെയ്യമാണ് ഓണത്തെയ്യം. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ഓണത്തെയ്യം അഥവാ ഓണത്താര് തെയ്യം കെട്ടുന്നത് ചെറിയ ആണ്‍കുട്ടികളാണ്. മുഖത്ത് തേപ്പും ചെറിയ മുടിയും വലതു കയ്യില്‍ മണിയും ഇടതു കയ്യില്‍ ഓണവില്ലുമായാണ് ഇവര്‍ വീടുകള്‍ തോറും കൊട്ടിപ്പാടി എത്തുന്നത്.
ഓണേശ്വരന്
വായ തുറക്കാതെ തന്നെ തെയ്യം കാണിക്കുന്ന ഓണേശ്വരന് അഥവാ ഓണപ്പൊട്ടന് തെയ്യം കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ പ്രത്യേകതയാണ്. ഇവിടുത്തെ ഉള്‍പ്രദേശങ്ങളിലാണ് ഈ തെയ്യം കൂടുതലായി കണ്ടുവരുന്നത്. ഒരിക്കലും കാല് നിലത്തുറപ്പിക്കാത്ത ആ തെയ്യം താളം ചവിട്ടുകയും ഓടിക്കൊണ്ടിരിക്കുകയും ചെയ്യും.
തൃക്കാക്കരയപ്പന്
തൃശൂര്‍, എറണാകുളം ജില്ലകളില്‍ മാത്രം കണ്ടുവരുന്ന ഒരു അനുഷ്ഠാനമാണ് തൃക്കാക്കരയപ്പനെ ഒരുക്കല്‍. മഹാബലിയെ വരവേല്ക്കുന്നതിനായാണ് ഇത് ഒരുക്കുന്നത്. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപമാണ് തൃക്കാക്കരയപ്പനായി പ്രതിഷ്ഠിക്കുന്നത്. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്, മലര് തുടങ്ങിയവയും ഇതിനോടൊപ്പം ചിലയിടങ്ങളില്‍ വയ്ക്കാറുണ്ട്.
പുലികളി
പുലികളി എന്നു പറയുമ്പോള്‍ എല്ലാവര്ക്കും ആദ്യം ഓര്‍മ്മ വരിക തൃശൂര്‍ തന്നെയാണ്. നാലാമോണത്തിന്റെ അന്ന് വൈകിട്ടോടെയാണ് ഇവിടെ പുലികളിക്ക് തുടക്കമാവുക. ഇവരുടെ ശരീരത്തില്‍ ചായമടിക്കുന്നത് ഇനാമല്‍ പെയിന്റ് മണ്ണെണ്ണയില്‍ ചാലിച്ചാണ്. മെയ് വഴക്കവും കായിക ശേഷിയും ഏറെ വേണ്ട പുലികളി വന്യമായ താളത്തിലാണ് കളിക്കുന്നത്. ഉടുക്ക്, തകില് തുടങ്ങി വാദ്യമേളങ്ങളും കൈയടിത്താളവുമായി വീടുവീടാന്തരം കയറിയിറങ്ങും. ചിലപ്പോള്‍ തോക്കുമായി ഒരു വേട്ടക്കാരനും കൂടെയുണ്ടാകും. തൃശൂര്‍ കൂടാതെ കൊല്ലവും തിരുവനന്തപുരവുമാണ് പുലികളിയുടെ മറ്റു രണ്ടു കേന്ദ്രങ്ങള്‍.
ആറന്മുള വള്ളംകളി
ഓണാഘോഷങ്ങളില്‍ എടുത്തുപറയേണ്ട ഒന്നാണ് വള്ളംകളികള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വള്ളംകളികളിലൊന്നായ ഇത് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് നടക്കുക. 48 ചുണ്ടന് വള്ളങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നടക്കുന്ന മറ്റു വള്ളംകളികളില്‍ നിന്നും വ്യത്യസ്തമായി ഒരു സാംസ്കാരിക പരിപാടിയായാണ് ഇത് അറിയപ്പെടുന്നത്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാര് വള്ളങ്ങളില്‍ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്. പമ്പാ നദിയുടെ തീരത്തെ 48 ഗ്രാമങ്ങളിലെ കരക്കാരുടേതാണ് ഇവിടെ നീറ്റിലിറങ്ങുന്ന പള്ളിയോടങ്ങള്‍.
കുമ്മാട്ടിക്കളി.
പുലികളി പോലെ കുമ്മാട്ടിക്കളിയും തൃശൂരിന്റെ മാത്രം പ്രത്യേകതയാണ്. ഓണത്തപ്പനെ വരവേല്ക്കാനായായാണ് ചില ഭാഗങ്ങളില്‍ കുമ്മാട്ടിക്കളി കളിക്കുന്നത്. തൃശൂര്‍ കൂടാതെ പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലും കുമ്മാട്ടിക്കളിക്ക് ആരാധകരുണ്ട്.
അനഘ