
ഹോളിവുഡിലെ ഏറ്റവും മികച്ച ജോഡി എന്നായിരുന്നു സൂപ്പര്‍താരം ബ്രാഡ്പിറ്റ് ജെന്നിഫര്‍ ആംനിസ്റ്റണെ വിവാഹം കഴിച്ചപ്പോള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ആഞ്ജലീന ജൂലിയെ കണ്ടതോടെ ജെന്നിഫറിനെ വിട്ടു അവര്‍ക്കൊപ്പം പോകുകയും പിന്നീട് ആ ബന്ധവും ഇല്ലാതായതോടെ ബ്രാഡ്പിറ്റിന് ഇപ്പോള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുകയാണ്. അടുത്തിടെ താരം തന്റെ പഴയ ഭാര്യ ജെന്നിഫര്‍ ആംനിസ്റ്റണോട് അവരെ ഉപേക്ഷിച്ചതിനും ഭര്‍ത്താവില്ലാത്ത സ്ത്രീയായി ഒറ്റപ്പെടുത്തിയതിനും ക്ഷമ ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ജെന്നിഫറിനോട് ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കും മാപ്പിരക്കുന്നതായി താരം വ്യക്തമാക്കി. ഇരുവരും തമ്മില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും പ്രിയകരമായ വര്‍ത്തമാനമായിരുന്നു അതെന്നാണ് വൃത്തങ്ങള്‍ പറഞ്ഞത്്. ബ്രാഡ്പിറ്റിന്റെ ക്ഷമാപണം ഒരുപാട് പഴക്കം ചെന്ന മുറിവുകളിലേക്കാണ് ജെന്നിനെ കൊണ്ടുപോയത്. ആ വൈകാരിക പ്രശ്നത്തെ ജെന്നിഫര്‍ മറികടന്നു. വേദനയില്‍ നിന്നും മോചിതമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു. പലപ്പോഴും തകര്‍ന്ന് കണ്ണീരിന്റെ പ്രളയത്തിലായിരുന്നു അവര്‍ കഴിഞ്ഞത്.
താന്‍ ഒരിക്കലും ഒരു നല്ല പങ്കാളിയായിരുന്നില്ലെന്നും ബ്രാഡ്പിറ്റ് കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ സ്ഥാനത്ത് ശൂന്യത സൃഷ്ടിച്ച താന്‍ കൂടുതല്‍ സമയവും വിരസതയും കല്ലേറുമാണ് നല്‍കിയതെന്നും പറഞ്ഞു. ആഞ്ജലീനയ്ക്ക് വേണ്ടി ഒരിക്കലും ജന്നിഫറിനെ തഴയരുതായിരുന്നെന്നും ബ്രാഡ്പിറ്റ് പറഞ്ഞിരുന്നു. 2004 ലാണ് ബ്രാഡ്പിറ്റ് ആഞ്ജലീന ജൂലിയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. രണ്ടു വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരാകുകയും ആറു മക്കളുടെ മാതാപിതാക്കളായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.
ഹോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളായിട്ടായിരുന്നു ആഞ്ജലീനജൂലിയെയും ബ്രാഡ്പിറ്റിനെയും അറിയപ്പെട്ടിരുന്നത്. വേര്‍പിരിയും മുമ്പ് ഇവരുടെ ബന്ധത്തിന്റെ ആഴം കണ്ട് 'ബ്രാഞ്ജലീന' എന്ന വിളിപ്പേര് പോലും പാപ്പരാസി മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വേര്‍പിരിയല്‍. ബ്രാഡ്പിറ്റ് ഇട്ടേച്ചു പോയതിന് പിന്നാലെ നടന് ജസ്റ്റിന് തെറോക്സിനെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്ന ജെന്നിഫര്‍ ബ്രാഡിന്റെ മാപ്പപേക്ഷ സ്വീകരിച്ചെന്നാണ് വിവരം.






