
കോഴിക്കോട് : മാവോയിസ്റ്റ് വനിതാ നേതാവ് ലതയുടെ മരണവാര്ത്തയെക്കുറിച്ച് മൂന്നു സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. കാട്ടാനയുടെ ആക്രമണത്തില് മരിച്ചെന്ന പ്രചാരണം പോലീസ് പൂര്ണമായും വിശ്വസിക്കുന്നില്ല. പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ ട്രയാംഗിള് (മുക്കവല) കേന്ദ്രീകരിച്ചായിരുന്നു പ്രവര്ത്തനമെന്നതിനാലാണ് കര്ണാടക, തമിഴ്നാട്, കേരളം രഹസ്യാന്വേഷണ വിഭാഗങ്ങള് സംയുക്തമായി അന്വേഷണം നടത്തുന്നത്.
ബന്ധുക്കള് പോലീസില് പരാതി നല്കാത്തതിനാല് കേസ് രജിസ്റ്റര് ചെയ്തുകൊണ്ടുള്ള അന്വേഷണം നടത്തുന്നില്ല. മരണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളാണു രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. ലത മരിച്ചെങ്കില് അത് എങ്ങനെയെന്നും മൃതദേഹം സംസ്കരിച്ചത് എവിടെയാണെന്നും സ്ഥീരികരിക്കുകയാണു ലക്ഷ്യം. ലതയുടെ മൃതദേഹം എവിടെയാണു സംസ്കരിച്ചതെന്ന് ഇതു സംബന്ധിച്ച് പുറത്തുവന്ന ലഘുലേഖയില് വ്യക്തമാക്കിയിട്ടില്ല. മലയാളിയായ സിനോജ്, കര്ണാടകക്കാരന് ജെ.എം. കൃഷ്ണ എന്നിവരുടെ മരണം സംബന്ധിച്ച് നേരത്തേ ഇന്റലിജന്സ് വിഭാഗം അന്വേഷിച്ചിരുന്നെങ്കിലും മൃതദേഹങ്ങള് കണ്ടെത്താന് കഴിഞ്ഞിരുന്നില്ല.
ലതയ്ക്കെതിരേ സംസ്ഥാനത്തു നാലു കേസുകളാണുള്ളത്. വയനാട് ജില്ലയിലെ തലപ്പുഴയില് രണ്ടും വെള്ളമുണ്ടയില് ഒരു കേസുമാണുള്ളത്. പാലക്കാട് ജില്ലയിലെ അഗളി സ്റ്റേഷനില് ഒരു കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം ആദിവാസി കോളനികള് സന്ദര്ശിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്യപ്പെട്ടിട്ടുള്ളവയില് ലത പ്രതിയായ കേസുകളുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കേസുകളില് നിന്ന് ലതയുടെ പേര് ഒഴിവാക്കണമെങ്കില് മരിച്ചതായി സ്ഥിരീകരിക്കണം.
സി.പി.ഐ. (മാവോയിസ്റ്റ്) ഭവാനി ദളത്തിലെ അംഗമായ മലമ്പുഴ സ്വദേശി ലത കഴിഞ്ഞ ആറിന് കാട്ടാനയുടെ ആക്രമണത്തില് മരിച്ചെന്നാണ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരില് ഇറക്കിയ ലഘുലേഖയില് പറയുന്നത്. വൈദ്യസഹായത്തിന് അവസരം ലഭിച്ചില്ലെന്നും മൃതദേഹം പാര്ട്ടി ബഹുമതികളോടെ വനത്തില് സംസ്കരിച്ചെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിപ്ലവ പ്രവര്ത്തകരെയും മൃതദേഹം കാണിക്കാന് കഴിയാത്തതില് ഖേദം രേഖപ്പെടുത്തുന്നുവെന്നും ലഘുലേഖയിലുണ്ട്.


.jpg&w=256&q=75)




Comments