
ഓണസദ്യ ഹൃദ്യമാക്കുന്നത് പായസം തന്നെയാണ്. പായസമില്ലെങ്കില് പിന്നെന്ത് ഓണസദ്യ! ഊണിനൊടുവില്‍ തൂശനിലയില്‍ പഴത്തോടൊപ്പം പായസം ചേര്‍ത്ത് കഴിക്കുന്നത് നാവിന് ഇരട്ടി രുചി പകരും. ഒരു പ്രഥമന്കൂടി ഉണ്ടെങ്കില്‍ സദ്യ കെങ്കേമം.
ഈ ഓണത്തിന് നാല് വ്യത്യസ്ത പായസരുചികള്‍ പരിചയപ്പെടാം.വ്യത്യസ്ത വിഭവങ്ങളുടെ രസക്കൂട്ടുകള്‍ വഴി യൂട്യൂബില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയ എന്‍ജിനീയറിംഗ് ബിരുദധാരിയായ വീട്ടമ്മ വീണാ ജാന്‍ ഇക്കുറി ഓണപാചകം അവതരിപ്പിക്കുന്നു.
ചക്ക പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
ചക്കച്ചുള -നാല്പതെണ്ണം
ശര്‍ക്കര-മുന്നൂറ് ഗ്രാം
തേങ്ങയുടെ ഒന്നാംപാല്‍-ഒരു കപ്പ്
രണ്ടാം പാല്-ഒന്നര കപ്പ്
മൂന്നാം പാല്-രണ്ട് കപ്പ്
തേങ്ങാക്കൊത്ത്-രണ്ടുടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് -പതിനഞ്ച്
നെയ്യ്-ഒരു ടേബിള്‍സ്പൂണ്‍
ചുക്കുപൊടി-കാല് ടീസ്പൂണ്‍
ഉപ്പ്-ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
കുരുകളഞ്ഞെടുത്ത ചക്കച്ചുളകള് ഒരു കപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ ചെറുതീയില്‍ വേവിക്കുക.ചൂടാറിയ ശേഷം ഇത് അരച്ചെടുക്കാം. നെയ്യ് ചൂടാക്കി ചക്കയരച്ചത് ഇരുപതു മിനിറ്റ് മീഡിയം തീയില്‍ ഇളക്കിെക്കാടുത്തുകൊണ്ട് വേവിക്കുക.ഇതേസമയം ഒരു കപ്പ് വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുക്കിയെടുക്കാം. അരിച്ചശേഷം ചക്കക്കൂട്ടില് ചേര്‍ത്തിളക്കാം.പത്തു മിനിറ്റാകുമ്പോള്‍ മൂന്നാംപാല് ചേര്‍ക്കാം.
ഇളക്കിയോജിപ്പിച്ച ശേഷം പായസം കട്ടിയായി വരുമ്പോള്‍ രണ്ടാംപാല് ചേര്‍ത്തിളക്കാം.ഒടുവിലായി ഒന്നാംപാല്‍ ചേര്‍ത്ത് ചെറുതീയില്‍ അഞ്ചു മിനിറ്റുവരെ വേവിക്കാം. തീയില്‍ നിന്നുവാങ്ങിയ ശേഷം ചുക്കുപൊടിയും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേര്‍ക്കാം. രുചികരമായ ചക്ക പ്രഥമന്‍ തയ്യാര്‍.
പച്ചമാങ്ങ പൈനാപ്പിള്‍ പായസം
ആവശ്യമുള്ള സാധനങ്ങള്‍
പച്ചമാങ്ങ ചെനച്ചത് -രണ്ടെണ്ണം
കൈതച്ചക്ക ഇടത്തരം -ഒന്ന്
ചവ്വരി -രണ്ട് ടേബിള്‍സ്പൂണ്‍
തേങ്ങാചിരകിയത്-മൂന്ന്
നെയ്യ് -ഒരു ടേബിള്‍സ്പൂണ്‍
പഞ്ചസാര -ഒന്നര കപ്പ്
ശര്‍ക്കര-ഒരു ചെറിയ കഷണം
ഉപ്പ് -രണ്ട് നുള്ള്
അണ്ടിപ്പരിപ്പ് വറുത്തത്-പത്ത്
കിസ്മിസ് -പത്ത്
ഏലയ്ക്കാപ്പൊടി -കാല് ടീസ്പൂണ്‍
മഞ്ഞ ഫുഡ് കളര്‍ -ഒരു തുള്ളി
പാകം ചെയ്യുന്ന വിധം
ചിരകിയതേങ്ങയില് നിന്ന് ഒരു കപ്പ് ഒന്നാം പാലും നാല് കപ്പ് രണ്ടാം പാലും തയ്യാറാക്കി വയ്ക്കുക.
തൊലികളഞ്ഞു കഷണങ്ങളാക്കി വച്ചിരിക്കുന്ന മാങ്ങാകഷണങ്ങള്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ ഒരു വിസില്‍ കേള്‍ക്കുംവരെ വേവിക്കുക.നന്നായി ഉടച്ചുമാറ്റി വയ്ക്കാം. രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ ഒരു വിസില്‍ കേള്‍ക്കുന്ന കണക്കില്‍ ചവ്വരിയും വേവിക്കാം. കടായിയില്‍ നെയ്യ് ചൂടാക്കി ഉടച്ച മാങ്ങ ചേര്‍ത്തിളക്കുക.
അഞ്ചു മിനിറ്റാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് പത്ത് മിനിറ്റ് ചെറുതീയില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ട് വേവിക്കാം.ഇതിലേയ്ക്ക് കൈതച്ചക്ക നുറുക്കിയത് ചേര്‍ത്ത് പത്ത് മിനിറ്റ് വേവിച്ചശേഷം രണ്ടാംപാല് ചേര്‍ത്തുകൊടുക്കാം.കട്ടിയായി വരുമ്പോള്‍ ഉപ്പും ചവ്വരിയും ശര്‍ക്കരയും ചേര്‍ക്കാം.ഏലയ്ക്കാപ്പൊടി ചേര്‍ത്തശേഷം അണ്ടിപ്പരിപ്പും കിസ്മിസും ഉപയോഗിച്ച് അലങ്കരിക്കാം.വ്യത്യസ്തമായ രുചി ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ പായസം ഇഷ്ടമാകും.
ഈസി പാല് പായസം
ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കലരി-അര കപ്പ്
പാല് -ഒന്നര ലിറ്റര്‍
വെള്ളം -അഞ്ചര കപ്പ്
പഞ്ചസാര-ഒന്നര കപ്പ്
ഏലയ്ക്കാപ്പൊടി-കാല് ടീസ്പൂണ്‍
നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് -പത്ത്
പാകം ചെയ്യുന്ന വിധം
കുക്കറില്‍ അരിയും പാലും പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ ഒരു വിസില്‍ കേള്‍ക്കുംവരെ വേവിക്കുക.കുക്കറിന്റെ വെയിറ്റ് ആവി കളയാനായി മാറ്റുക.ഒരു ഉരുളിയിലേയ്ക്കിത് പകര്‍ന്നശേഷം ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കാം.വറുത്തുവെച്ച അണ്ടിപ്പരിപ്പുകൊണ്ട് അലങ്കരിക്കാം.സ്വാദിഷ്ഠമായ പാല്പായസം തയ്യാര്‍.
സൂചി ഗോതമ്പ് പായസം
ആവശ്യമുള്ള സാധനങ്ങള്‍
സൂചി ഗോതമ്പ്-ഒന്നര കപ്പ്
തേങ്ങ ചിരകിയത്-അഞ്ച്
ശര്‍ക്കര-അര കിലോ
അണ്ടിപ്പരിപ്പ് -അന്‍പത് ഗ്രാം
തേങ്ങാക്കൊത്ത് -ഒരു കൈപ്പിടി
ഉപ്പ് -ഒരു നുള്ള്
വെള്ളം-മൂന്ന് ലിറ്റര്‍
നെയ്യ് -രണ്ട് ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചിരകിയ തേങ്ങയില്‍ നിന്ന് ഒന്നര കപ്പ് ഒന്നാം പാലും നാല് കപ്പ് രണ്ടാം പാലും നാല് കപ്പ് മൂന്നാം പാലും തയ്യാറാക്കുക.
കുക്കറില്‍ സൂചി ഗോതമ്പും വെള്ളവും ചേര്‍ത്ത് ആറ് വിസില്‍ കേള്‍ക്കും വരെ വേവിച്ചശേഷം വെള്ളം ഊറ്റിമാറ്റാം.
വേവിച്ച ഗോതമ്പില്‍ മൂന്നാംപാല് ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കിക്കൊടുത്തുകൊണ്ടു വേവിക്കാം.കട്ടിയായി വരുമ്പോള്‍ രണ്ടാം പാലും ഉരുക്കിയ ശര്‍ക്കരയും ചേര്‍ക്കാം.ഒരു നുള്ള് ഉപ്പുകൂടി ചേര്‍ത്ത് ഇളക്കുക.
വീണ്ടും കട്ടിതോന്നുന്ന പരുവമാകുമ്പോള്‍ ഒന്നാം പാല് ചേര്‍ക്കാം.അതിനുശേഷം തിളയ്ക്കാന്‍ പാടില്ല.നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും ചേര്‍ത്ത് അലങ്കരിക്കാം.ഓണപ്പായസങ്ങളില് തലയെടുപ്പുള്ള സൂചിഗോതമ്പു പായസം രുചികരവും ആരോഗ്യദായകവുമാണ്.
തയ്യാറാക്കിയത് : മീട്ടു റഹ്മത്ത് കലാം