
കാലാപാനി എന്ന സിനിമ ഓരോ തവണ കാണുമ്പോഴും പ്രേക്ഷകരുടെ മനസ്സിനെ വേദനിപ്പിക്കുന്ന മുഖമാണ് നായിയ പാര്‍വ്വതി. തബു അവതരിപ്പിച്ച പാര്‍വ്വതി എന്ന കഥാപാത്രം. മോഹലാല്‍ അവതരിപ്പിച്ച ഗോവര്ദ്ധന് മോനോന് കൊലചെയ്യപ്പെട്ടതറിയാതെ വാര്‍ദ്ധക്യ കാലത്തും റയില്‍വേ സ്റ്റേഷനില്‍ വന്നു കാത്തിരിക്കുന്ന പാര്‍വ്വതി. സിനിമയില്‍ മാത്രമേ ഇങ്ങനെ കാണൂ എന്ന് ആശ്വസിച്ചവര്‍ക്ക് ഞെട്ടലും അത്ഭുതവുമാണ് തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ സ്ഥിര സാന്നിധ്യമായ പ്രിയദര്‍ശിനി. തെരുവില്‍ അലയുന്ന ഭ്രാന്തിയായി പ്രിയദര്‍ശിനിയെ കാണുന്നവര്‍ അവരുടെ കഥ അറിഞ്ഞു കഴിയുമ്പോള്‍ പ്രണയത്തിന്റെ ഉദാത്ത മാതൃകയെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്.
തലശ്ശേരിയിലെ ഒരു സ്കൂളില്‍ അധ്യാപികയായിരുന്നു പ്രിയദര്‍ശിനി. മംഗലാപുരം-ചെന്നൈ റൂട്ടിലോടിയിരുന്ന മദ്രാസ് മെയിലിലെ ലോക്കോ പൈലറ്റായിരുന്നു പ്രിയയുടെ എല്ലാമായിരുന്ന കാമുകന്. എന്നാല്‍ ട്രെയ്നില്‍ നിന്ന് വീണ് അദ്ദേഹം മരിച്ചതോടെ പ്രിയദര്‍ശിനി തളര്‍ന്നു. മാനസിക സമനില തെറ്റിയ അവര്‍ക്കുള്ളില്‍ പക്ഷേ മായാതെ നിന്നത് തന്റെ പ്രണയം മാത്രം. മനസ് മറ്റൊരു തലത്തിലെത്തിയപ്പോള്‍ കാമുകന്റെ മരണമൊക്കെ പ്രിയദര്‍ശിനി മറന്നു. യാത്ര പോയ കാമുകന് തിരിച്ചു വരും എന്നതായി പ്രതീക്ഷ.
അന്നു മുതല്‍ തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ ആ പ്രണയിനി കാത്തിരുന്നു തുടങ്ങി. എന്നെങ്കിലും ഒരിക്കല്‍ തന്റെ കാമുകന് തിരിച്ചെത്തുമെന്ന പ്രതീക്ഷയുമായി. രാവിലെ തന്നെ അണിഞ്ഞൊരുങ്ങി സ്റ്റേഷനില്‍ എത്തുന്ന അവര്‍ ഓരോ ചൂളം വിളികളിലും പ്രതീക്ഷയുടെ മിഴി തുറക്കും, ഏതെങ്കിലും ട്രെയിനില്‍ തന്റെ ലോക്കോ പൈലറ്റ് ഉണ്ടാകും എന്ന ആഗ്രഹത്തോടെ. വെറും ഭ്രാന്തിയെന്ന് വിളിച്ച പലരും ഈ ജീവിതം കേട്ട് ഈറനണിഞ്ഞിട്ടുണ്ട്.
പ്രിയദര്‍ശിനി ടീച്ചറുടെ കഥ സിനിമയാകുകയാണ്. നവാഗത സംവിധായകന് ഗഫൂര്‍ ഇല്യാസ് ആണ് സംവിധായകന്.






