
തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ശാലിനി സമീപകാലത്തായി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന അജിത്തിന്റെ ചിത്രങ്ങളാണ് ശാലിനി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഡാഡി ടൈം' എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും അജിത് ഉമ്മ നൽകുന്നതും, മക്കൾ തിരിച്ച് അച്ഛനെ സ്നേഹത്തോടെ ചുംബിക്കുന്നതുമായ ചിത്രങ്ങൾ ഇതിലുണ്ട്. ഏതായാലും അച്ഛന്റെയും മക്കളുടെയും ഈ ക്യൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നേരത്തെ കുടുംബത്തോടൊപ്പമുള്ള ഫ്രാൻസ് യാത്രയുടെ ചിത്രങ്ങളും ശാലിനി പങ്കുവെച്ചിരുന്നു. "കുറച്ചു ഫ്രാൻസും ഒരുപാട് സ്നേഹവും" എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ഫ്രാൻസിൽ നടന്ന പ്രശസ്തമായ റേസിംഗ് മത്സരമായ 'ദി മിഷെലിൻ ലെ മാൻസ് കപ്പിൽ' പങ്കെടുക്കുന്നതിനായാണ് അജിത് കുടുംബത്തോടൊപ്പം ഫ്രാൻസിലെത്തിയത്.
2000 ഏപ്രിൽ 24-നായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയവിവാഹം. അതേസമയം, അധീക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി', മഗിഴ് തിരുമേനിയുടെ 'വിടാമുയർച്ചി' എന്നിവയാണ് അജിത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.






