
ബോളിവുഡ് താരം സോനം കപൂറിനെക്കുറിച്ച് ഭര്‍ത്താവ് ആനന്ദ് അഹൂജ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജീവിതയാത്രയില്‍ സോനത്തെപ്പോലൊരു പങ്കാളിയെ ലഭിച്ചതിനെക്കാള്‍ വലിയ ഭാഗ്യം മറ്റൊന്നില്ലെന്നാണ് ആനന്ദ് കുറിച്ചത്.
മക്കള്‍ക്കും സോനത്തിനുമൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ആനന്ദിന്റെ കുറിപ്പ്. ഒപ്പം സോനത്തിന്റെ ജന്മദിനാഘോഷത്തില് നിന്നുളള ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘ഏറ്റവും പ്രചോദനം നൽകുന്ന, കഠിനാധ്വാനിയായ, കരുതലുള്ള, സുന്ദരിയായ ഒരു പങ്കാളിയെ/കാമുകിയെ/ഭാര്യയെ കൂടെ കിട്ടുന്നതിനേക്കാൾ വലുതായി ജീവിതത്തിൽ ഒന്നുമില്ല. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഒരുമിച്ച് അനുഭവിക്കാൻ, കൈകോർത്തുപിടിക്കാൻ അവളുണ്ട്. ഒന്നിച്ച് പഠിക്കാനും, വളരാനും, വെല്ലുവിളികളെ നേരിടാനും, എന്നും നെഞ്ചോട് ചേർത്തുപിടിക്കാനും അവൾ മാത്രമാണുള്ളത്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു, സ്നേഹിക്കുന്നു, സ്നേഹിക്കുന്നു’ ആനന്ദ് കുറിച്ചു. പ്രിയതമന്റെ പോസ്റ്റിനു താഴെ കമന്റുമായി സോനവും എത്തിയിരുന്നു. "എന്റെ മാലാഖേ, ഒരുപാട് സ്നേഹം" എന്നാണ് സോനം കമന്റായി കുറിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ 9 നായിരുന്നു സോനം തന്റെ 41 ാം ജന്മദിനം ആഘോഷിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ആഘോഷത്തിന്റെ ചിത്രം സോനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
2018-ലായിരുന്നു സോനം കപൂറും പ്രമുഖ വ്യവസായി ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റിൽ ദമ്പതികൾക്ക് ആദ്യത്തെ കൺമണിയായി മകൻ വായു ജനിച്ചു. തുടർന്ന് ഈ വർഷം മാർച്ച് 29-നാണ് ഇവർക്ക് രണ്ടാമതും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്. 'രുദ്രലോക കപൂർ അഹൂജ' എന്നാണ് ഇളയ മകന് ഇരുവരും പേരിട്ടിരിക്കുന്നത്.






