
പഞ്ചകുല: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിനെതിരേയുള്ള രണ്ടു കൊലപാതകക്കേസിലെ വാദം ഇന്ന് തുടങ്ങും. 2002 ല്‍ നടന്ന സംഭവത്തിന്റെ വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ പഞ്ചകുല നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിര്സക്കാരനായ മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതി, മുന്‍ മാനേജര്‍ രഞ്ജിത് സിംഗ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സിബിഐ കോടതിയിലാണ് വാദം നടക്കുന്നത്. ആഗസ്റ്റ് 25 ന് ഇതേ കോടതിയാണ് രണ്ടു ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്.
കടുത്ത സുരക്ഷയാണ് ഹരിയാനയിലെ പഞ്ചകുലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അര്‍ദ്ധ സൈനിക വിഭാഗത്തിനൊപ്പം പോലീസുകാരെയും വിന്യസിപ്പിച്ചിട്ടുണ്ട്. പഞ്ചകുല നഗരവും കടുത്ത സുരക്ഷയ്ക്ക് കീഴിലാണ്. എന്നാല്‍ ബലാത്സംഗക്കേസിലേത് പോലെ അനുയായികള്‍ നഗരത്തില്‍ കൂട്ടം കൂടാനുള്ള പ്രവണത ഇപ്പോഴില്ലെന്നും പോലീസുകാര്‍ വിലയിരുത്തുന്നു. അതേസമയം രാം റഹീമിനെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണഫറന്‍സിംഗ് വഴി വിചാരണ നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. റോഹ്താക്കിലെ സുനാരിയ ജില്ലാ ജയിലിലാണ് രാംറഹീം കിടക്കുന്നത്.
ആഗസ്റ്റ് 28 ന് വിശ്വാസികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ചതിന്റെ പേരില്‍ പ്രത്യേക സിബിഐ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ദേരാ തലവന്‍ ശിക്ഷ വിധിച്ചത് പഞ്ചകുലയിലും സിര്‍സയിലും വലിയ അക്രമത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. 38 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. 264 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലും പഞ്ചാബിലും ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായി.






