ന്യുഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാന് എന്നയാളെ മര്‍ദ്ദിച്ചു കൊന്ന ഗോസംരക്ഷകരെ വെറുതെ വിട്ട രാജസ്ഥാന് പോലീസിന്റെ നടപടിക്കെതിരെ പെഹ്ലു ഖാന്റെ മകന് ഇര്‍ഷാദ്. പിതാവിനെ അക്രമികള്‍ മര്‍ദ്ദിക്കുന്നതിന് ഇര്‍ഷാദ് സാക്ഷിയാണ്. എന്നാല്‍ പ്രതികളെ തിരിച്ചറിയുന്നതിനായി തന്നെ ഒരു തവണ പോലും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ഇര്‍ഷാദ് പറഞ്ഞു. 13 പ്രതികളില്‍ ആറ് പേരെയാണ് രാജസ്ഥാന് പോലീസ് വെറുതെ വിട്ടത്. അഞ്ച് പ്രതികള്‍ ജാമ്യത്തിലുമാണ്.
വീഡിയോയില്‍ കാണുന്ന ആളല്ല തന്റെ അച്ഛനെ കൊന്നതെങ്കില്‍ പിന്നെ ആരാണ് അത് ചെയ്തതെന്ന് ഇര്‍ഷാദ് ചോദിച്ചു. ജാമ്യത്തില്‍ കഴിയുന്നവര്‍ തന്നേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതിയില്‍ മാത്രമേ വിശ്വാസമുള്ളൂ. മരണം വരെ കേസിന് വേണ്ടി പോരാടും. രാജസ്ഥാനില്‍ തന്റെ ജീവന് എന്തെങ്കിലും സംരക്ഷണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഇര്‍ഷാദ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇല്ലാതാകേണ്ടതുണ്ടെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. രാജ്യത്ത് തീവ്രവാദത്തെ ഭയന്ന് ജീവിക്കേണ്ട സാഹചര്യമാണ്. പെഹ്ലു ഖാനെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സാധിക്കാത്തത് ദുഃഖകരമാണെന്നും ദിഗ്വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.






