
ജിസാൻ : സൗദി അറേബ്യയിലെ ദക്ഷിണ അതിർത്തിയിൽ സഖ്യസേനാ വിമാനങ്ങളുടെ പിന്തുണയോടെ സൗദി സൈന്യം നടത്തിയ ആക്രമണങ്ങളിൽ 70 ലേറെ ഹൂത്തി മിലീഷ്യകൾ കൊല്ലപ്പെട്ടു. 40-പേരെ സൈന്യം ബന്ദികളായി പിടിച്ചു. സൗദി അറേബ്യക്കു നേരെ ആക്രമണം നടത്തുന്നതിന് ഇറാൻ ആയുധങ്ങളുമായി അതിർത്തിക്കു സമീപം തമ്പടിച്ച ഹൂത്തി മിലീഷ്യകളെ ലക്ഷ്യമിട്ടാണ് സൈന്യം ശക്തമായ ആക്രമണം നടത്തിയത്.
യെമനിലെ ഹരദിലെ വാദി അബ്ദുല്ലയിൽ സൗദി സൈന്യവും യെമൻ സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇരുപതിലേറെ ഹൂത്തികൾ കൊല്ലപ്പെട്ടു. സൗദിയിൽ അതിർത്തിയിൽ അൽറബൂഅക്കു സമീപമാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇവിടെയും നിരവധി ഹൂത്തികൾ കൊല്ലപ്പെട്ടു. നജ്റാൻ അതിർത്തിയിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്.
ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മൂന്നു നേതാക്കൾ അടക്കം നാൽപതിലേറെ ഹൂത്തികളെ സൗദി സൈന്യം വകവരുത്തി. ആക്രമണത്തിൽ നൂറിലേറെ ഹൂത്തികൾക്ക് പരിക്കേറ്റു. ഡസൻ കണക്കിന് മിലീഷ്യകളെ ബന്ദികളാക്കി. ഹൂത്തികളുടെ 15 സൈനിക വാഹനങ്ങൾ സൈന്യം തകർത്തു.
അതേസമയം, യെമനിലേക്ക് ഇറാൻ ഇപ്പോഴും ആയുധങ്ങളും സാങ്കേതികവിദ്യകളും കടത്തുന്നത് തുടരുന്നതായി യു.എസ് നേവി വൈസ് അഡ്മിറൽ കെവിൻ എം. ഡൊനെഗൻ പറഞ്ഞു. സൗദി അറേബ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതിന് ഹൂത്തികളെ ഇറാൻ സഹായിക്കുകയാണ്. കപ്പൽവേധ മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, സമുദ്ര മൈനുകൾ, ബോട്ട് ബോംബുകൾ തുടങ്ങി ഉഗ്രശേഷിയുള്ള ആയുധങ്ങളാണ് ഹൂത്തികൾക്ക് ഇറാൻ നൽകുന്നത്.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ച് ഹൂത്തികളുടെ നിയന്ത്രണത്തിലായിരുന്ന തീരമേഖലകൾ തിരിച്ചുപിടിക്കുന്നതിന് സഖ്യസേനക്ക് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കപ്പലുകൾക്കെതിരായ ഹൂത്തികളുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹൂത്തികളുടെ പക്കലുള്ളതു പോലുള്ള ആയുധങ്ങളും മിസൈലുകളും യുദ്ധത്തിനു മുമ്പ് യെമനിലുണ്ടായിരുന്നില്ല. ആയുധങ്ങൾ നൽകുക മാത്രമല്ല, അവ ഉപയോഗിക്കുന്നതിൽ ഹൂത്തികൾക്ക് ഇറാൻ പരിശീലനവും നൽകുന്നുണ്ടെന്ന് യു.എസ് നേവി വൈസ് അഡ്മിറൽ പറഞ്ഞു.







Comments