
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്.
സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് മുതലുള്ള സാക്ഷിമൊഴികളുണ്ട്. അതുകൊണ്ടു തന്നെ ദിലീപ് ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും ഗുണമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും അറുതിയാകും. സാക്ഷിമൊഴികള്‍ കൂടാതെ ശാസ്ത്രീയ തെളിവുകളും വേറെയുണ്ട്. കേസില്‍ ഇനിയാരെയും ചോദ്യം ചെയ്യേണ്ട നിലപാടിലാണെങ്കിലും ആവശ്യം വന്നാല്‍ കാവ്യാമാധവനെ ചോദ്യം ചെയ്യും. ദിലീപ് അഞ്ചാം വട്ടം സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും അന്വേഷണ സംഘത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
ഇരയായ നടിയോ കേസിലെ സാക്ഷികളോ തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. തന്നോട് വ്യക്തി വിരോധവും ഉന്നതങ്ങളില്‍ സ്വാധീനവുമുള്ള ചില വ്യക്തികള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗൂഡാലോചന നടത്തിയാണ് കേസില്‍ പെടുത്തിയതെന്നും ദിലീപ് ആരോപിക്കുന്നുണ്ടെങ്കിലും അന്വേഷണസംഘം അതൊന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ല.






