ജയ്പൂര്‍: ചുംബിക്കുവാനും കെട്ടിപ്പിടിക്കുവാനുമായി പൊതുസ്ഥലത്തെത്തുന്നവരെ അഴിക്കുള്ളിലാക്കണമെന്ന് പറഞ്ഞ് ബിജെപി എംപി സാക്ഷി മഹാരാജ്. കാറുകളിലും പാര്‍ക്കിലും മോട്ടോര്‍ സൈക്കിളിലുമായി ഇത്തരം നടപടികളാണ് പിന്നീട് ലൈംഗീക പീഡനം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്നും അതിനാല്‍തന്നെ ഇത്തരക്കാരെ പോലീസ് അറസ്റ്റ് ചെയ്യ്ണമെന്നും അദ്ദേഹം പറഞ്ഞു.
'കാറിലും പാര്‍ക്കിലുമെല്ലാം വെച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യാറുണ്ട്. കാണുന്നവരെല്ലാം ഇത് അവഗണിക്കാറാണ് പതിവ്. എന്നാല്‍ അത് പിന്നീട് പീഡനമായി മാറിയാല്‍ അപ്പോള്‍ ആളുകള്‍ പറയും പൊലീസിന്റെ അനാസ്ഥ കൊണ്ടാണ് സംഭവിച്ചതെന്ന്. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ജയിലിലടക്കുകയാണ് വേണ്ടത്', സാക്ഷി മഹാരാജ് പറഞ്ഞു.
ഇത് കൂടാതെ, എത്ര വലിയ സന്യാസി ആയാലും ആദായ നികുതി അടയ്ക്കണമെന്നും അവരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടണമെന്നും സാക്ഷി പറഞ്ഞു. രാജസ്ഥാനിലെ ഭാരത്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി എംപി.






