
ഫ്രഞ്ചുകാരായ റെനോയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ മികച്ച അടിത്തറ നല്കിയ മോഡലാണ് കാപ്ച്ചര്‍. 25000 രൂപ അഡ്വാന്‍സ് നല്കി ഇന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യാം. ഇന്ത്യന്‍ വിപണിയില്‍ ചുരുങ്ങിയ കാലയളവില്‍ ഡസ്റ്ററും ക്വിഡും നല്കിയ ജനപ്രീതി മുന്നില്‍കണ്ടാണ് പുതിയ മോഡലുമായി റെനോ എസ്.യു.വി യുടെ വരവ്.
ഇതുവരെ പത്തു ലക്ഷത്തിലേറെ മോഡലുകള്‍ വിറ്റഴിച്ചു. ഈ വിജയക്കുതിപ്പിന് ശേഷം ഇന്ത്യക്കാരുടെ മനം കവരാന്‍ ഒടുവില്‍ കാപ്ച്ചര്‍ എസ്.യു.വി ഇന്ത്യയില്‍ അവതരിച്ചു. ഗോവയില്‍ നടന്ന ചടങ്ങിലാണ് റെനോ ഇന്ത്യ ഔദ്യോഗികമായി ഇന്ത്യന്‍ സ്പെക്ക് കാപ്ച്ചര്‍ പുറത്തിറക്കിയത്. വാണിജ്യാടിസ്ഥാനത്തില്‍ ദീപാവലിയോടനുബന്ധിച്ച് അടുത്ത മാസമാണ് കാപ്ച്ചര്‍ വിപണിയിലെത്തുക.
റെനോ നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രാദേശികമായാണ് കാപ്ച്ചറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മികച്ച വില്‍പ്പന നടക്കുന്ന എസ്.യു.വി ഗണത്തില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രേറ്റ, മഹീന്ദ്ര എക്സ്.യു.വി 500, ടാറ്റ ഹെക്സ, എന്നിവരാണ് കാപ്ച്ചറിന്റെ എതിരാളികള്‍. ഡസ്റ്റര്‍ എസ്.യു.വിയുടെ അതേ BO പ്ലാറ്റ്ഫോമിലാണ് പുതിയ അതിഥിയുടെ നിര്‍മാണം. മാത്രമല്ല, ഡസ്റ്ററിന് തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം.
ഡ്യൂവല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം-ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് ക്ണ്ട്രോള്, സ്പീഡ് ലിമിറ്റര്‍ തുടങ്ങി സുരക്ഷാ സന്നാഹങ്ങളും കാപ്ച്ചറിലുണ്ട്. വീതിയേറിയ ഗ്രില്‍, സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം എന്നിവയാണ് ക്യാപ്ച്ചറിന്റെ പ്രധാന പ്രത്യേകതകള്‍. R17 ഇഞ്ച് ഡയമണ്ട് കട്ട് ശൈലിയിലാണ് അലോയി വീല്‍. 4329 എംഎം നീളവും 1813 എംഎം വീതിയും 1619 എംഎം ഉയരവും 2673 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. കാപ്ച്ചറിനാണ് സെഗ്മെന്റില്‍ നീളവും വീതിയും ഏറ്റവും കൂടുതല്‍.
വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്ബനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 12-15 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. അടുത്ത മാസം ലോഞ്ചിങ് വേളയിലാണ് ഇക്കാര്യം പുറത്തുവിടുക. 210 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബുട്ട് സ്പേസ് കപ്പാസിറ്റി 387 ലിറ്ററാണ്, പിറകിലെ സീറ്റ് മടക്കിയാല്‍ 1352 ലിറ്റര്‍ വരെ ബൂട്ട് സ്പേസ് വര്‍ധിപ്പിക്കാം. വാഹനം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 5600 ആര്‍പിഎമ്മില്‍ 106 പിഎസ് കരുത്തും 142 എന്‍എം ടോര്‍ക്കുമേകും. ഗിയര്‍ബോക്സ് 5 സ്പീഡ് മാനുവലാണ്. 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 4000 ആര്‍പിഎമ്മില്‍ 110 പിഎസ് കരുത്തും 1750 ആര്‍പിഎമ്മില്‍ 240 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്സ്മിഷന്.






