
മാധ്യമങ്ങള്‍ അടുത്തിടെ ഏറെ ആഘോഷമാക്കിയ ജീവിതങ്ങളില്‍ ഒന്നായിരുന്നു തലശ്ശേരി റയില്‍വേ സ്റ്റേഷനിലെ പ്രിയദര്‍ശിനി ടീച്ചറുടേത്. യുവ സംവിധായകന് ആ ജീവിതം സിനിമയാക്കാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് സിനിമയെ വെല്ലുന്ന തരത്തില്‍ പ്രിയദര്‍ശിനി ടീച്ചറുടെ കഥ പരന്നത്. അധ്യാപികയായിരുന്ന പ്രിയദര്‍ശിനി ലോക്കോ പൈലറ്റുമായി പ്രണയത്തിലായിരുന്നെന്നും അദ്ദേഹം അപകടത്തില്‍ മരിച്ച ശേഷം മാനസിക നില തെറ്റിയ ടീച്ചര്‍ എന്നും റയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നതായുമായിരുന്നു കഥകള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളി ടീച്ചറുടെ ബന്ധു രംഗത്തെത്തി. വാര്‍ത്ത നല്കിയ മാധ്യമങ്ങളിലൊന്നിനയച്ച കത്തിലാണ് സത്യം വ്യക്തമാക്കിയിരിക്കുന്നത്.
ക്രൂശിക്കരുത് പ്രിയദര്‍ശിനിയെ എന്ന തലക്കെട്ടോടെയാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'പ്രിയദര്‍ശിനിയുമായുള്ള രക്തബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും വറ്റാത്ത സ്നേഹത്തിന്റെയും നൊമ്പരത്തിന്റെയും സാക്ഷ്യമാണ് ഈ കത്ത്. ഇഫ്തിഖാര്‍ അഹമ്മദ് എഴുതിയ ലേഖനത്തില്‍ നിന്ന് എത്ര അകലെയാണ് യഥാര്‍ത്ഥ വസ്തുത എന്നു പറയാന്‍ ഒരു നാവേ ഉണ്ടാവുകയുള്ളൂ അതെന്റെ നാവാണ്.
പ്രിയദര്‍ശിനി എന്റെ ജ്യേഷ്ഠ സഹോദരിയാണ്. അവരുടെ മാനസിക നില തകരാറിലാണ്. മാനസിക നില തെറ്റിയ വ്യക്തിക്കും സ്വകാര്യത ആവശ്യമല്ലേ?. മറ്റൊന്നും എനിക്കറിയില്ല, അറിയാവുന്നത് ലേഖകന്‍ പറഞ്ഞ കഥയുമായി എന്റെ സഹോദരിക്ക് ബന്ധമില്ല എന്ന സത്യമാണ്. വഴിയില്‍ കണ്ട ഒരു മനോരോഗിയായി മാത്രം അവരെ മനസ്സിലാക്കുന്നവര്‍ക്കായി അറിയിക്കട്ടെ, അവര്‍ മനോരോഗിയായത് പ്രണയം മൂത്തിട്ടല്ല. സ്വന്തം ഭര്‍ത്താവിനോടല്ലാതെ പ്രിയദര്‍ശിനിക്ക് പ്രണയം ഉണ്ടായിട്ടില്ല. തലശ്ശേരിയിലെ ഒരു പ്രധാന തറവാട്ടിലെ അംഗങ്ങളാണ് ഞങ്ങള്‍ ആറു സഹോദരങ്ങള്‍. രണ്ടു പേര് ജീവിച്ചിരിപ്പില്ല. രണ്ടു പേര് കേരളത്തിന് വെളിയിലാണ്. ഞാന്‍ തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് താമസം. സഹോദരിക്ക് എന്നും ആഹാര സാധനങ്ങള്‍ എത്തിക്കുന്നത് ഞാനാണ്. ആരെങ്കിലും തന്നെ കൊല്ലുമോ എന്ന ഭയം മാത്രമാണ് അവര്‍ക്കുള്ളത്. പാകം ചെയ്ത ആഹാം വാങ്ങില്ല, സ്വന്തമായി പാകം ചെയ്തേ കഴിക്കു. വിഷം തീണ്ടുമോ എന്ന ഭയമാണ്. പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കാനാണ് തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ വരുന്നത്. അത് ലേഖകന്‍ പറയും പോലെ പഴയകാല ഓര്‍മ്മകളെ നിലനിര്‍ത്താനല്ല.
തലശ്ശേരി ഹോളി ഏഞ്ചല്‍സ് സ്കൂളിലെ ഇംീഷ് അധ്യാപികയായിരുന്നു. കുറച്ച് വൈകിയാണ് വിവാഹം നടന്നത്. ഭര്‍ത്താവ് രാമകൃഷ്ണന് നാലു വര്‍ഷം കഴിഞ്ഞ് മരിച്ചു. അവര്‍ക്ക് മക്കളില്ല. ഭര്‍ത്താവിന്റെ മരണശേഷം മാനസിക അസ്വാസ്ഥ്യം കാണിച്ചു. മറ്റു സഹോദരങ്ങള്‍ ദൂര സ്ഥലത്തായതിനാല്‍ കാര്യങ്ങള്‍ നോക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ.
സഹോദരിയെ കഥാപാത്രമാക്കി സിനിമയെടുത്ത് വിറ്റഴിക്കാന്‍ നടത്തുന്ന ശ്രമങ്ങളറിഞ്ഞ് വേദന തോന്നുന്നു. സിനിമയോ അതു പോലെയുള്ള ഏതെങ്കിലും മാധ്യമത്തിലൂടെയോ അവരുടെ ജീവിതം പ്രദര്‍ശിപ്പിക്കുന്നതിനോട് താല്‍പ്പര്യമില്ല. ഇതില്‍ നീതിയുടെ വിഷയം ഉണ്ട്. പ്രിയദര്‍ശിനി ഇതൊന്നും അറിയുന്നില്ലയെനനതാണത്.
പ്രിയദര്‍ശിനിയുടെ ജീവിതം വികലമായി ചിത്രീകരിച്ച് കുടുംബാംഗങ്ങള്‍ക്ക് മനോവേദന ഉണ്ടാക്കാന്‍ മാത്രം ലേഖകനോട് എന്ത് തെറ്റു ചെയ്തു?. അല്ല അത് വാണിജ്യവല്ക്കരിക്കാന് ചെയ്തതാണോ?. ഒരാളുടെ ഇംഗിതം അറിഞ്ഞു മാത്രമല്ലേ അവരെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശിക്കാന്‍ പാടുള്ളൂ. ഒരു കഥാപാത്രമാക്കാതെ അവരെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ.
പ്രിയദര്‍ശിനിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചോ അല്ലാതെയോ ഇനിയും തെറ്റായ ലേഖനം എഴുതിയോ സിനിമ എടുത്തോ എന്റെ സഹോദരിയുടെ സ്വകാര്യതയും സല്‍പ്പേരും കളങ്കമാക്കരുതെന്നും അല്ലാത്ത പക്ഷം ന്യയമായുള്ള നിയമസംരക്ഷണം തേടാന്‍ ഞാന്‍ നിര്‍ബന്ധിതയാകുമെന്നും അറിയിക്കട്ടെ. എന്റേത് ഒരു വനരോദനമാകാന്‍ മാത്രം സാംസ്കാരികലോപം കേരളത്തിലുണ്ടെന്ന് കരുതുന്നില്ല'. എന്നാണ് സഹോദരിയുടെ കത്ത്.






