
കൊച്ചി: യുവതികള്‍ നഗ്നനാക്കി അതിക്രൂരമായി മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് മരട് പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഡ്രൈവര്‍ ഷെഫീഖിനെ ആക്രമിച്ച യുവതികളെ വെറും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു. കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവരെയാണു ഷെഫീഖിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
കൊച്ചി വൈറ്റില ജംഗ്ഷനില്‍ വച്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു ഷെഫീക്കിന് നേരെ ആക്രമണമുണ്ടായത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖിന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. യുവതികള്‍ക്ക് ജാമ്യം ലഭിക്കുന്ന ദുര്‍ബലമായ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതിനിടെ യുവതികളുടെ മര്‍ദനത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കി. ഏഴു സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇരുന്നൂറ്റി അന്‍പതോളം ഡ്രൈവര്‍മാരാണ് ഇന്നലെ പണിമുടക്കിയത്. തുടര്‍ന്ന് യൂബര്‍ ഓഫീസിനു മുന്നില്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി.
ഷെയര്‍ ടാക്സി ബുക്ക് ചെയ്ത യുവതികള്‍ വാഹനത്തില്‍ മറ്റൊരു യാത്രക്കാരനെക്കൂടി കയറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീകളെ തടഞ്ഞു വയ്ക്കുകയും പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.






