
മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുപെട്ട് 22 മരണം.മുംബൈ പ്രഭാദേവി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു, 20 പേരുടെ നില അതീവ ഗുരുതരമാണ്. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേയ്ക്ക് പോകാനായി നിര്‍മ്മിച്ച മേല്‍പ്പാലത്തിലാണ് അനിയന്ത്രിതമായ തിക്കും തിരക്കും ഉണ്ടായത്.
പരിക്കേറ്റവരെ മുംബൈ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി എന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമായില്ല. അപകടത്തിനു പിന്നാലെ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
ഒരേ സമയം 1500 പേര് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഇടുങ്ങിയ മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. മഴ കാരണം ആളുകള്‍ മേല്‍പ്പാലത്തില്‍ തന്നെ തങ്ങുകയും, ട്രെയിന്‍ എത്തിയപ്പോള്‍ അതേസമയം യാത്രക്കാര്‍ ഒരുമ്മിച്ച് മേല്‍പ്പാലത്തിലേയ്ക്ക് കയറുകയും ചെയ്തതതോടെയാണ് അപകടം ഉണ്ടായതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എല്‍ഫിസ്റ്റണ്‍ എന്ന് അറിയപ്പെട്ടിരുന്ന റെയില്‍വേ സ്റ്റേഷനാണിത്. മുംബൈയില്‍ പലയിടങ്ങളിലും ഇതേ സ്ഥിതി നിലനില്‍ക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.






