
ഫേനം ഫേന്‍: തമിഴ്നാട്ടിലെ ദാവൂദ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധര്‍ ധനപാലനെ (44) സയനൈഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കംബോഡിയയില്‍ ബുധനാഴ്ചയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഏഴു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 43 കേസുകള്‍ ശ്രീധറിന്റെ പേരിലുണ്ടായിരുന്നു. മരിച്ച വിവരം ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയാണ് ഇയാള്‍ ഭൂമാഫിയ തലവാനായി വളരുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളായിരുന്നു ഇയാളുടെ സ്ഥിരം താവളം.
2013 ല്‍ വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ് ദാവൂദ് നീതിപൂര്‍വമായ വിചാരണ ലഭിക്കുമെങ്കില്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ തയാറാണെന്ന് നേരത്തെ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നലകിയ അഭിമുഖത്തില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പ് ഇയാള്‍ തമിഴ്നാട്ടിലുള്ള അനുയായികളെ വിളിച്ച് മരിക്കാന്‍ പോകുന്ന വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇയാള്‍ വിദേശത്തേക്ക് കടന്നതിനു പിന്നാലെ ഇയാളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ബിസിനസ് വിസയുടെ കാലാവധി 2017 ല്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്നാല്‍ പോലീസ് വെടിവെച്ച് കൊല്ലുമോ എന്നും ശ്രീധര്‍ ഭയപ്പെട്ടിരുന്നു.
2016 ല്‍ ശ്രീധറിന്റെസഹോദരനേയും കൂട്ടാളികളേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരെ വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന് ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയും അന്ന് ഇയാള്‍ മുഴക്കിയിരുന്നു.






