
ബെംഗളൂരു: 22 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിവാഹിതനായ യുവാവ് അറസ്റ്റിലായി. ബ്യാദരഹള്ളിയിൽ നടന്ന സംഭവത്തിൽ ഭവാനി (22)യാണ് മരിച്ചത്. കേസിൽ ചന്ദ്രശേഖർ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു കൊലപാതകം. മൊബൈൽ ഫോൺ ഷോറൂമിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ പ്രതിയായ ചന്ദ്രശേഖർ നേരത്തെ വിവാഹിതനും ആറുവയസ്സുള്ള കുട്ടിയുടെ പിതാവുമാണെന്ന് പിന്നീട് കണ്ടെത്തി. ഈ വിവരം മറച്ചുവെച്ച് ഏകദേശം ഒരു വർഷം മുമ്പ് ഇയാൾ ഭവാനിയെ രഹസ്യമായി വിവാഹം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.
കുടുംബം ബന്ധം അംഗീകരിക്കില്ലെന്ന് ഭവാനി പറഞ്ഞതിനെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് വിഷം കഴിച്ചെങ്കിലും ഭവാനി ഛർദിച്ചതോടെ രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖർ ഭവാനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം പ്രതിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൊലപാതകത്തിന് മുമ്പ് ഭവാനിയോടൊപ്പമുള്ള ചിത്രം പ്രതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. “ഞങ്ങളുടെ ആദ്യ വിവാഹവാർഷികം” എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഭവാനിയുടെ ബന്ധുക്കൾ സ്ക്രീൻഷോട്ട് എടുത്ത് കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.






