
ന്യൂഡല്‍ഹി: മാസങ്ങളോളം നീണ്ടു നിന്ന സംഘര്‍ഷത്തിനൊടുവില്‍ യുഎസ്-ഇറാന് സമാധാന കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കരാര്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാനും തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതം ഉറപ്പാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി മോദി, ഈ യുദ്ധം ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിക്കും നിരവധി ജീവനഷ്ടങ്ങള്ക്കും കാരണമായതായി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ പ്രാഥമിക സമാധാന കരാറിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജൂണ്‍ 19-ന് സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ് ഈ ചരിത്ര കരാര്‍ ഒപ്പുവെക്കുന്നത്. ബാക്കിയുള്ള തര്‍ക്കവിഷയങ്ങളിലും ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തോടെയാണ് ഈ യുദ്ധം ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തതും ആഗോള ഇന്ധന വിപണിയെ തകിടം മറിച്ചതുമായ ഈ സംഘര്‍ഷം അവസാനിപ്പിക്കുന്നതിലെ ഏറ്റവും വലിയ മുന്നേറ്റമാണിത്.
ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണയുടെ 90 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാകും. പാകിസ്താനും ഖത്തറുമാണ് ഈ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. എല്ലാ മുന്നണികളിലെയും സൈനിക നീക്കങ്ങള്‍ ഉടനടി അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു.
ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. 'ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെ!' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജൂണ്‍ 19-ന് വെള്ളിയാഴ്ച നടക്കുന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പങ്കെടുത്തേക്കും. കരാര്‍ ഒപ്പുവെച്ചതിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കി തുടങ്ങുകയുള്ളൂ എന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.






