
പാലക്കാട് : വി.എസ് അച്യൂതാനന്ദന് തനിക്ക് ഒപ്പം നിന്നവരെ സംരക്ഷിച്ചില്ലെന്ന രൂക്ഷ വിമര്‍ശനവുമായി മുന്‍ പഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട തന്നെ പാര്‍ട്ടി അംഗത്വത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതിന് വി.എസ് ഒപ്പം ചെയ്തില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.
വാര്‍ത്ത ചോര്‍ത്തല്‍ കുറ്റം ആരോപിച്ച് 2013 ലാണ് വി.എസിന്റെ പഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന വി.കെ ശശിധരന്, കെ.ബാലകൃഷ്ണന് എന്നിവരെയും എ.സുരേഷിനെയും പി.ബി തീരുമാന പ്രകാരം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇതേതുടര്‍ന്ന് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയത് വി.എസ് ആവശ്യപ്പെട്ട പ്രകാരമാണ്. എന്നാല്‍, ആ അപ്പീലില്‍ പാര്‍ട്ടി നടപടി ഉണ്ടായില്ല. ഇതിനു ശേഷം വി.എസിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടായില്ല. വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രി ആയപ്പോഴും 13 വര്‍ഷത്തോളം വി.എസിന്റെ നിഴലായി സുരേഷ് ഒപ്പമുണ്ടായിരുന്നു.
വി.എസിന്റെ പി.എ എന്ന നിലയിലുള്ള ജോലികളായിരുന്നില്ല താന്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിരുന്നതെന്നും വ്യക്തിപരമായ പല കാര്യങ്ങളും മാറ്റിവെച്ചാണ് വി.എസിനു വേണ്ടി നിലകൊണ്ടിരിരുന്നതെന്നും സുരേഷ് ഒരു മാധ്യമത്തോട് പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദറില്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇനിയും താന്‍ സിപിഎം അനുഭാവി ആയിരിക്കുമെന്നും സുരേഷ് പറഞ്ഞു.






