
ഓസ്ട്രേലിയയിൽ 61 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ മസാജ് തെറാപ്പിസ്റ്റിന് 13 വർഷം തടവ്. 9 മാസത്തിനിടെ അഡ്ലെയ്ഡിലെ ഒരു മസാജ് പാർലറിൽ വെച്ച് 61 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ മസാജ് തെറാപ്പിസ്റ്റിനാണ് 13 വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചിട്ടുള്ളത്.
പ്രതിയുടെ പെരുമാറ്റം നിയന്ത്രണാതീതവും, ചൂഷണം ചെയ്യുന്നതുമായിരുന്നു എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്.
അഡ്ലെയ്ഡിന്റെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലെനെൽഗിലെ ഒരു മസാജ് സ്ഥാപനത്തിൽ വെച്ച് 2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കും ഇടയിൽ ചെയ്ത കുറ്റങ്ങൾക്കാണ് 39 കാരനായ സുമിത് സതീഷ് റസ്തോഗി ശിക്ഷിക്കപ്പെട്ടത്. അനുവാദമില്ലാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതിനും, ഗുരുതരമായ ലൈംഗിക അതിക്രമണവും ഉൾപ്പെടെ 97 കുറ്റങ്ങൾ ഇയാൾ കോടതിയിൽ സമ്മതിച്ചു. 2011ൽ ദില്ലിയിൽ നിന്ന് അഡ്ലെയ്ഡിലേക്ക് കുടിയേറിയ സുമിത് സതീഷ് റസ്തോഗി 2022 ജൂലൈയിലാണ് അറസ്റ്റിലായത്. കുറ്റകൃത്യങ്ങൾ നടക്കുന്ന സമയത്ത് ആവശ്യമായ ഔദ്യോഗിക യോഗ്യതകളൊന്നുമില്ലാതെയാണ് ഇയാൾ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു.






