
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ വിഷയം കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രാഹുൽ ഗാന്ധി ഇപ്പോൾ നടത്തിയിരിക്കുന്നത്. 22 ലക്ഷം കുട്ടികളുടെ ഭാവി വെച്ചുള്ള ഈ ഒത്തുകളിയിൽ പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വീഡിയോ പങ്കുവച്ചു.
2024 ലും 2026 ലും നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചകൾ തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സിസ്റ്റത്തെ വിമർശിക്കുകയും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് #SackPradhan കാമ്പയിൻ ആരംഭിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ രണ്ടു പരീക്ഷാ പേപ്പർ ചോർച്ചകളിലെ സമാനതകളെയാണ് വരച്ച് കാട്ടുന്നത്.
നീറ്റ് 2024: പേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കിയില്ല. മന്ത്രി രാജിവച്ചില്ല. സിബിഐ അന്വേഷണം ആരംഭിച്ചു. ഒരു കമ്മിറ്റി രൂപീകരിച്ചു.
നീറ്റ് 2026: പേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. മന്ത്രി വീണ്ടും രാജിവച്ചില്ല. സിബിഐ വീണ്ടും അന്വേഷണം നടത്തുന്നു. മറ്റൊരു കമ്മിറ്റി രൂപീകരിക്കും.
പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി തന്റെ വീഡിയോ സന്ദേശത്തിലൂടെ 3 നേരിട്ടുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തിയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾ;
എന്തുകൊണ്ടാണ് ചോദ്യപേപ്പറുകൾ ആവർത്തിച്ച് ചോരുന്നത്?
ആവർത്തിച്ചുണ്ടാകുന്ന ഈ പരീക്ഷാ ചർച്ചകളിൽ നിങ്ങൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു?
ആവർത്തിച്ച് പരാജയപ്പെടുന്ന വിദ്യാഭ്യാസ മന്ത്രിയെ നിങ്ങൾ എന്തുകൊണ്ട് പുറത്താക്കുന്നില്ല?






