
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരേ ലൈംഗികാപവാദവം സാമ്പത്തിക തട്ടിപ്പും ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പ് കേസിലെ ആദ്യ കേസ് ഇപ്പോഴും തുടരുന്നു. തലശ്ശേരിയിലെ അഞ്ച് ഡോക്ടര്‍മാര്‍ വണ്ടിചെക്ക് നല്കി കബളിപ്പിച്ചെന്ന് നല്കിയ പരാതിയില്‍ തുടങ്ങിയ കേസില്‍ പിന്നെ കണ്ടത് മന്ത്രിമാരും ജനപ്രതിനിധികളും ബിസിനസുകാരുമടക്കമുള്ള വന്‍കിടക്കാര്‍ ബലാത്സംഗത്തിനും പദവി ദുരുപയോഗത്തിനും ആരോപണ വിധേയരായി കേസിന്റെ വലയില്‍ വന്നു കയറുന്നതായിരുന്നു.
തലശ്ശേരി കോടതിയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന് ഡോക്ടര്‍മാരായ ശ്യാംമോഹന്, അനൂപ് കോശി, മനോജ്കുമാര്‍, അഭിലാഷ് ആന്റണി, സുനില്‍കുമാര്‍ എന്നിവര്‍ നല്കിയ പരാതിയില്‍ നടപടി തുടരുകയാണ്. വിചാരണ നവംബര്‍ 3 ന് തുടങ്ങും. അഞ്ചു ചെക്കു തട്ടിപ്പും മൂന്ന് പോലീസ് കേസുമാണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരേ തലശ്ശേരി കോടതിയിലുള്ളത്. അഞ്ചു ഡോക്ടര്‍മാരില്‍ നിന്നുമായി രണ്ടു ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്്. പിന്നീട് ചെക്ക് നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി. അതില്‍ ഒരു ലക്ഷം രൂപ വീതം തിരിച്ചു നല്കുകയുണ്ടായി.
അഞ്ചു ഡോക്ടര്‍മാര്‍ ലക്ഷ്മി നായര്‍ എന്ന സ്ത്രീയ്ക്കെതിരേ നല്കിയ വണ്ടിച്ചെക്ക് കേസില്‍ ആദ്യം അന്വേഷണം നടത്തിയത് തലശ്ശേരി പോലീസായിരുന്നു. അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയത് സരിത എസ് നായരാണെന്ന് കണ്ടെത്തി. തട്ടിപ്പുകാരിയെ പിടികൂടാനായി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പെരുമ്പാവൂര്‍ പോലീസ് സരിതയെ പിടികൂടിയത്. ഇതോടെ തലശ്ശേരിയിലേക്ക് മടങ്ങാന്‍ അവിടുന്നു വന്ന പോലീസിന് നിര്‍ദേശം കിട്ടി.
കേസ് വിവാദമാകുന്നതിന് അനുസരിച്ച് പലരും പരാതിയായി വരികയും വീണ്ടും വീണ്ടും വിവാദം മുറുകുകയുമായിരുന്നു.. 100 ഓളം പേര്‍ക്ക് 50,000 മുതല്‍ 50 ലക്ഷം വരെ നഷ്ടമായെന്നാണ് പരാതി. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി പിന്നാലെ ആരോപണ വിധേയമായതോടെ കേസ് മാറി മറിഞ്ഞു. അഴിമതിയും അധികാര ദുര്‍വിനിയോഗം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്നു. തുടക്കത്തില്‍ തനിക്കറിയില്ല എന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തെങ്കിലും ഒരു പൊതുചടങ്ങില്‍ സരിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തു വന്നതോടെ ആരോപണങ്ങള്‍ക്ക് ശക്തി കൂടി. ഡല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അറസ്റ്റിലാകും മുമ്പ് സരിത നിരവധി തവണ കുരുവിളയെ വിളിച്ചെന്നും ഫോണില്‍ സംസാരിച്ചെന്നും മറ്റും റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
ഇതിന് പിന്നാലെ ബിജു രാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കൈമാറിയ ചെക്ക് വണ്ടിക്ക് ആയിരുന്നെന്നും അതില്‍ കേസെടുക്കുന്നത് തടഞ്ഞത് ഉമ്മന്‍ചാണ്ടി തന്നെയായിരുന്നെന്നും ആരോപണം ഉയര്‍ന്നു. ജൂണ്‍ 21 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സോളാര്‍ പദ്ധതിക്ക് സഹായം കിട്ടിയതായി സരിതയും ബിജുരമേശും പറഞ്ഞു.
സരിതയുമായി നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ജൂണ്‍ 26 ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ജിക്കുമോന് ജേക്കബ് രാജിവെച്ചു. പിന്നാലെ ടെന്നി ജോപ്പന്, സലിംരാജ്, ജിക്കുമോന്, പിആര്‍ഡി ഡയറക്ടര്‍ എ്നിവര്‍ പുറത്തായി. ജൂണ്‍ 29 ന് മുഖ്യമന്ത്രിയുടെ ഓഫീസിനും സരിതയ്ക്കുമെതിരേ പത്തനംതിട്ട സ്വദേശി ശ്രീധരന് നായര്‍ രംഗത്ത് വന്നതോടെയാണ് കേസ് കൂടുതല്‍ കലുഷിതമായത്. പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ളാന്റ് സ്ഥാപിച്ചു നല്‍കാനായി സരിതയും ടെന്നിജോപ്പനും ചേര്‍ന്ന് ശ്രീധരന്‍നായരുമായി അഞ്ചു കോടിയുടെ കരാര്‍ ഉണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കൈമാറിയതായും ആരോപിച്ചു. സരിതയ്ക്ക് ഒപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു.
വിവാദത്തില്‍ 1.04 കോടി നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതി ഉന്നയിച്ച മറ്റൊരു പ്രമുഖന് പ്രവാസി വ്യവസായി ടി സി മാത്യുആയിരുന്നു. 2013 ജൂണ്‍ ആദ്യം അട്ടക്കുളങ്ങര ജയിലില്‍ വെച്ച് സരിത എഴുതിയ കത്ത് വാര്‍ത്തകളില്‍ വന്നതോടെ ഡിഐജിയുടെ രഹസ്യ സന്ദര്‍ശനവും വാര്‍ത്തയായി. തന്നെ പീഡിപ്പിച്ചവരുടെ പട്ടിക ഉള്‍പ്പെടുന്ന കത്തായിരുന്നു അത്. അട്ടക്കുളങ്ങര ജയിലില്‍ വെച്ച് മൊഴിമാറ്റാനും അധികൃതര്‍ ശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു.
സോളാര്‍ കേസില്‍ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി സി.പി.എം കൂടി എത്തിയതോടെയായിരുന്നു ഇപ്പോള്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന അന്വേഷണ കമ്മിഷന് പ്രഖ്യാപനം. കമ്മിഷനെ നിയോഗിച്ച് നാലു വര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചത്.
2013 ഒക്ടോബര്‍ 28നാണ് സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ കമ്മിഷന് 214 സാക്ഷികളെ വിസ്തരിച്ചു. 812 രേഖകള്‍ പരിശോധിച്ചു. നാല് ഭാഗങ്ങളായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിഷന് കഴിഞ്ഞ മാസം 26ന് സര്‍ക്കാരിനു സമര്‍പ്പിച്ചത്. പിതൃതുല്യനാണെന്ന് ആദ്യം നിലപാട് എടുത്ത സരിത 1.9 കോടി രൂപ ഉമ്മന്‍ചാണ്ടി കോഴവാങ്ങിയെന്ന് പിന്നീട് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തു.
റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം ആമുഖവും ഗസറ്റ് വിജ്ഞാപനവും സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകളും നിയമസഭാ ചര്‍ച്ചകള്‍ക്കും പുറമെ ടേംസ് ഓഫ് റഫറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ആക്ഷേപങ്ങളും നിഗമനങ്ങളും ഉള്‍പ്പെടുന്നതാണ്. അതോടൊപ്പം, ചില ശിപാര്‍ശകളും.രണ്ടാം ഭാഗം കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍പ്പെടുന്ന സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാണ്. മൂന്നാം ഭാഗം സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും കണ്ടെത്തലുകളും ശിപാര്‍ശകളുമടങ്ങുന്നതാണ്.






