
മൂന്നാര്‍: ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്നും ഒന്നിലധികം പേരാണു കൊലനടത്തിയതെന്നും തമിഴ്നാട് പോലീസ്. മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ ജോണ്‍ പീറ്റര്‍(18), തങ്കമുത്തു എന്ന ശരവണന് എന്നിവരെയാണു ശനിയാഴ്ച്ച രാത്രി ഓട്ടം വിളിച്ചുകൊണ്ടുപോയി തമിഴ്നാട്ടിലെ തേനിയില്‍ ബോഡിമെട്ടിനുസമീപം മണപ്പെട്ടിയില്‍ വച്ചു കൊലപ്പെടുത്തിയത്.
തിരുനല്‍വേലി പുതുക്കുളം സ്വദേശിയായ ഗുണ്ട മണിയും കൂട്ടാളികളും ചേര്‍ന്നാണു കൊല നടത്തിയതെന്നാണു തേനി പോലീസ് പറയുന്നത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെ മൂന്നാറില്‍നിന്നും പുറപ്പെട്ട ഓട്ടോ രാത്രി 12.30-ന് തമിഴ്നാടു ബോഡിമെട്ടിലുള്ള പോലീസ് ചെക്ക്പോസ്റ്റില്‍ ഒപ്പിട്ടശേഷം മണപ്പെട്ടി ഭാഗത്തേയ്ക്കു പോയി. മണപ്പെട്ടി ബസ് സ്റ്റോപ്പിന് സമീപം വാഹനവുമായി കാത്തു നിന്ന കൊലയാളികള്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി യുവാക്കളെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നു കൊരങ്ങണി എസ്.എ സഹദേവന് പറഞ്ഞു.
ബസ് സ്റ്റോപ്പിന് സമീപം ടാറ്റാ സുമോ മണിക്കൂറുകളോളം നിര്‍ത്തിയിട്ടിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൃത്യം നടത്തിയശേഷം ഓട്ടോറിക്ഷ ഏര്പ്പാടാക്കിക്കൊടുന്ന എല്ലപ്പെട്ടി സ്വദേശിയെ ഫോണില്‍ ബന്ധപ്പെട്ട മണി ഇരുവരെയും വകവരുത്തി എന്നറിയിച്ചതായും വിവരമുണ്ട്. മണിയുമായി ബന്ധമുള്ള എല്ലപ്പെട്ടി കെ.കെ ഡിവിഷന് സ്വദേശികളായ സെന്തില്‍, ചെല്ലദുെരെ, വിമല്‍, രമേഷ് എന്നിവരെ തമിഴ്നാടു പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യുകയാണ്.
വിമലിന്റെ ആധാര്‍ കാര്‍ഡ് നല്‍കിയാണ് മണിക്ക് സിം കാര്‍ഡ് സംഘടിപ്പിച്ചത്. ബോഡിമെട്ട് ഡി.െവെ.എസ്.പി പ്രഭാകരന്റെ നേതൃത്വത്തില്‍ മൂന്നു പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം. മണിയുടെ മോെബെല് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന മണി ക്വട്ടേഷന്‍ നടത്തുന്നതില്‍ ഏതറ്റംവരെയും പോകുന്ന ക്രിമിനല്‍. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെ പലപ്രശ്നങ്ങളും പറഞ്ഞു തീര്‍ക്കുന്നത് മണിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
മണിയുടെ രക്ഷിതാക്കള്‍ എല്ലപ്പെട്ടി എസ്റ്റേറ്റില്‍ തൊഴിലാളികളായിരുന്നു. ജോലിയില്‍നിന്നും വിരമിച്ച ഇവര്‍ തിരുനല്‍വേലി പുതുക്കുളത്തേയ്ക്കു പോയതോടെ മണിയും അവിടെയെത്തി. അവിടെ വച്ചാണു മണി കുപ്രസിദ്ധനായത്. നിരവധി കൊലക്കേസുകളില്‍ പ്രതിയായി.
ക്വട്ടേഷന്‍ ഏറ്റെടുത്ത് കഴിഞ്ഞാലും എന്തുവില നല്‍കിയും നടപ്പാക്കുന്നതാണു മണിയുടെ രീതിയെന്ന് പോലീസ് പറയുന്നു. തിരുനെല്‍വേലി, നാഗര്‍കോവില്‍ ചെെന്നെ എന്നീ ജില്ലകളിലായി പത്തിലധികം കേസുകളാണ് മണിയുടെ പേരിലുള്ളത്. തമിഴ്നാട്ടില്എന്തെങ്കിലും കുറ്റകൃത്യം നടത്തിയാല്‍ എല്ലപ്പെട്ടിയിലെത്തി കേസൊതുങ്ങുവരെ താമസിക്കുകയാണ് പതിവ്. ബന്ധുക്കളാണ് എസ്റ്റേറ്റിനുള്ളില്‍ മണിയെ സംരക്ഷിക്കുന്നത്. ഒരുകേസില്‍ അകപ്പെട്ട് ജയിലായിരുന്ന മണി ഒരാഴ്ച്ചമുന്പാണ് ജാമ്യത്തിലിറങ്ങിയത്.
തുടര്‍ന്ന് ചെണ്ടുവെരെ എസ്റ്റേറ്റിലുള്ള തന്റെ അകന്ന ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടില്‍ താമസിച്ചുകൊണ്ട്് ഇടയ്ക്കിടെ സുഹൃത്തുക്കളോടൊപ്പം കാറില്‍ എല്ലപ്പെട്ടിയില്‍ എത്തിയിരുന്നു. മണിയെ ഒറ്റിക്കൊടുത്തതിനെത്തുടര്ന്നാണു യുവാക്കളെ കൊലപ്പെടുത്തിയെന്നാണു സൂചന. ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും പിന്നിലുണ്ടെന്ന് പറയുന്നു. നിരവധി മോഷണക്കേസുകളിലും മണിയുള്പ്പെട്ടതായി സൂചനയുണ്ട്. തമിഴ്നാട് പോലീസില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിയുടെ വീട് പരിശോധിച്ച കേരളാ പോലീസിന് ഒരു ബാഗ് നിറയെ നാണയതുട്ടുകള്‍ ലഭിച്ചിരുന്നു. നേര്ച്ചപ്പെട്ടികളില് നിന്നു മോഷ്ടിച്ചതാണ് ഇതെന്നു സംശയമുണ്ട്.






