
മലയാളസിനിമയില്‍ ധാരാളം പുതുമകള്‍ നല്കിയ ഒരു നിര്‍മ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്, വ്യത്യസ്തമായ ചിത്രങ്ങള്‍, പരീക്ഷണങ്ങള്‍. ധാരാളം നവാഗതരെ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍ ഇവര്‍ നിര്‍മ്മിച്ച ഒരു ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയല്ല.
ഒരു ആടിനെ കേന്ദ്രകഥാപാത്രമാക്കി മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. ഏറെ ശ്രദ്ധേയമായ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തെന്ന നിലയില്‍ മിഥുന് മാനുവല്‍ തോമസിന് ഏറെ പിന്ബലവുമുണ്ടായിരുന്നു.
ഏറെ കൗതുകം നിറഞ്ഞ ഒരു ചിത്രമായിരുന്നു ആട്. ജയസൂര്യ, സണ്ണിവെയ്ന്, അടക്കമുള്ള ഒരു വലിയ താരനിര ഈ ചിത്രത്തിലുണ്ടായിരുന്നു. താരതമ്യേന ചില പുതുമുഖങ്ങളും അണിനിരന്നിരുന്നു ഈ ചിത്രത്തിന് രണ്ടാംഭാഗം അണിഞ്ഞൊരുങ്ങുന്നു. ആട് 2 എന്നാണ് ഈ ചിത്രത്തിന്റെ പേര്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു തന്നെ ഈ ചിത്രത്തിന്റെ ഷട്ടിംഗ് തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. മിഥുന് മാനുവലാകട്ടെ ആടിനു ശേഷം ആന്മരിയ കലിപ്പിലാണ്, അലമാര എന്നിങ്ങളെ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഇക്കുറിയും പൂര്‍ണ്ണമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു പുതിയ നായികമാരെക്കൂടി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. നസ്രിന് നാസറും അനാമികയും. നസ്രിന് ബാലതാരമായി ഏതാനും ചിത്രങ്ങളില്‍ മുമ്പ് അഭിനയിച്ചിരുന്നു.
അനാമികയുടെ അരങ്ങേറ്റം അങ്കമലി ഡയറീസിലൂടെയാണ്. അതില്‍ നായകനായ ആന്റണിയുടെ സഹോദരിയുടെ വേഷത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് വില്ലനില്‍ മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ദമ്പതകളുടെ മകളായും അഭിനയിച്ചു. ഈ ചിത്രത്തില്‍ രണ്ടുപേര്‍ക്കും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.അവികസിതമായ ഒരു മലയോരഗ്രാമത്തിലായിരുന്നു ആടിന്റെ കഥ നടക്കുന്നത്.
ഷാജി പാപ്പനും സംഘത്തിനും ഒരു വടംവലി മത്സരത്തില്‍ വിജയിച്ചപ്പോള്‍ ഒരു പെണ്ണാടിനെ ലഭിക്കുന്നു. പൊതുവെ സ്ത്രീവിരോധിയായ ഷാജി പാപ്പന് പെണ്ണാടിനെ ലഭിക്കുന്നതിലൂടെ ഉണ്ടാകുന്ന സംഭവങ്ങളായിരുന്നു ആദ്യചിത്രത്തിലൂടെ പറഞ്ഞത്.
കാലംകുറച്ചുകൂടി കഴിഞ്ഞിരിക്കുന്നു. ഇന്നും അവരുടെ ജീവിതം ആഘോഷങ്ങളും വടംവലി മത്സരവുമൊക്കെയാണ്. ഇക്കുറി ഇവര്‍ക്ക് ഒരു പുതിയ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. അതു പരിഹരിക്കാനുള്ള ഇവരുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.. ജയസൂര്യയാണ് ഷാജി പാപ്പനെ അവതരിപ്പിക്കുന്നത്.
സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, ധര്മ്മജന് ബോള്‍ഗാട്ടി, ഉണ്ണി രാജന്‍പി. ദേവ്, വിജയ്ബാബു, വിനായകന്, ഭഗത് മാനുവല്‍, ഹരികൃഷണന്, വിനീത് മോഹന്‍, സുധി കോപ്പ, ഇന്ദ്രന്‍സ്, നെല്‍സണ്‍, ബിജുക്കുട്ടന്, സ്രിന്‍ഡ എന്നിവര്‍ ഈ ചിത്രത്തിലുണ്ട്. മാമുക്കോയ, ബൈജു, പൊന്നമ്പലം ജോളി എന്നിവരാണ് പുതിയ അഭിനേതാക്കള്‍. മനുമജ്ഞിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകര്‍ന്നിരിക്കുന്നു.
വിഷ്ണു നാരായണന് ഛായാഗ്രഹണവും ലിജോപോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.കലാസംവിധാനം- അരുണ്‍ വെഞ്ഞാറമ്മൂട്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സംഗീത് പി. രാജന്, അസോ. ഡയറക്ടേഴ്സ്- ഓസ്റ്റിന്‍ ഡാന്‍ തോമസ്, സുജില്‍ സുഗതന്. എക്സി. പ്രൊഡ്യൂസര്‍- വിനയ് ബാബു. പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്, പ്രൊഡക്ഷന്‍ എക്സി.- ബിജു അഗസ്റ്റിന്, പ്രൊഡക്ഷന്‍ മാനേജര്‍- കല്ലാര്‍ അനില്‍. ഫ്രൈഡേ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്