
പുതിയ ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റിന്റെ ഒരുക്കങ്ങള്‍ ഫോര്‍ഡ് പൂര്‍ത്തിയാക്കി. പുതുക്കിയ കോമ്പാക്ട് എസ്യുവിയെ നവംബര്‍ 9 ന് ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍ അപ്ഡേറ്റുകള്ക്ക് ഒപ്പം, പുതിയ പെട്രോള്‍ എഞ്ചിനും ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ഹൈലൈറ്റാണ്. ഫ്രണ്ട് പ്രൊഫൈലിലാണ് ഡിസൈന്‍ മാറ്റങ്ങള്‍ ഏറെയും ദൃശ്യമാകുന്നത്.
വീതിയേറിയ ഹെഡ്ലാമ്പുകള്‍, പുതിയ ക്രോം ലൈന്‍ സിംഗിള്‍ പീസ് ഗ്രില്‍, വലുപ്പമേറിയ ഫോഗ് ലാമ്പുകള്‍ എന്നിവ ഫ്രണ്ട് പ്രൊഫൈല്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. എന്നാല്‍,ടോപ് വേരിയന്റുകളില്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഇടംപിടിക്കും. കൂടാതെ, പിന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള ടെയില്‍ഗെയിറ്റ്-മൗണമ്ടഡ് സ്പെയര്‍ വീലിന് ഇത്തവണ പുതിയ വീല്‍ കവറും ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ബ്ലാക് ഹെഡ്ലാമ്പ് ഇന്‍സേര്‍ട്ടുകള്‍, ഡ്യൂവല്‍-ടോണ്‍ കളര്‍ ഓപ്ഷന്, പുതിയ അലോയ് വീലുകള്‍ എന്നിവ പ്രധാന എക്സ്റ്റീരിയര്‍ വിശേഷങ്ങളാണ്.
പുതിയ ടൈറ്റാനിയം എസ് വേരിയന്റില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിക്കുക എന്നതും ശ്രദ്ധേയം. പുതിയ ഫ്ളോട്ടിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുങ്ങുന്ന പുതുക്കിയ സെന്റര്‍ കണ്‍സോളാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.






