
ചെന്നൈ: മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം തമിഴകത്തു കത്തിപ്പടരവേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി രജനീകാന്തും രംഗത്ത്. ചിത്രത്തിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ മാറ്റണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് 'സ്റ്റൈല്‍ മന്നന്റെ' ഇടപെടല്‍.
'പ്രധാനപ്പെട്ട' വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതു നന്നായി ചെയ്തതിനു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്. എന്നാല്‍ എന്താണു വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സെപ്റ്റംബര്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛതാ ഹി സേവാ പദ്ധതിക്കു പിന്തുണ അറിയിച്ച ട്വീറ്റിനു ശേഷം ഇപ്പോഴാണ് ട്വിറ്ററില്‍ രജനീകാന്ത് ഒരു അഭിപ്രായം പങ്കുവയ്ക്കുന്നതെന്നതും കൗതുകമായി. 'വൃത്തിയെന്നാല്‍ ദൈവികതയാണ്' എന്ന ട്വീറ്റാണ് അന്നു നടത്തിയത്. രജനീകാന്ത് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എത്തിയ ഇത്തരമൊരു ട്വീറ്റ് ഒട്ടേറെ ഊഹോപോഹങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.
'മെര്‍സല്‍' എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ വിവാദമായത്. സിംഗപ്പൂരില്‍ ഏഴു ശതമാനം മാത്രം ചരക്ക്, സേവന നികുതി(ജിഎസ്ടി)യുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന് രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്.
ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ രജനീകാന്തും അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, അഭിനേതാക്കളായ കമല്ഹാസന്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകന് പാ രഞ്ജിത് തുടങ്ങിയവര്‍ സിനിമയ്ക്കെതിരായ നീക്കങ്ങളെ അപലപിച്ചു.
ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണു നേരിടേണ്ടതെന്നും കമല്ഹാസന് വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു പറഞ്ഞാണു സംവിധായകന് പാ രഞ്ജിത് പിന്തുണയുമായെത്തിയത്.
സിനിമയിലെ രംഗങ്ങള്‍ നീക്കണമെന്നു രാഷ്ര്ടീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു വിശാല്‍ പറഞ്ഞു. ഹോളിവുഡില്‍ യുഎസ് പ്രസിഡന്റിനെ കളിയാക്കുന്ന എത്രയോ സിനിമകള്‍ റിലീസ് ചെയ്യാറുണ്ട്. അവിടെയൊന്നും പ്രശ്നമില്ല. ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവര്ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്നു വിളിക്കരുത്. ശബ്ദം ഉയരേണ്ട സമയമായി എന്നുമാണു വിജയ് സേതുപതി ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ മെര്‍സലിനു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
'മിസ്റ്റര്‍ മോദി, തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും ആവിഷ്കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ 'ഡീമോണ'റ്റൈസ്' ചെയ്യരുത്' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം, സാഹിത്യകാരന് ബെന്യാമിന് തുടങ്ങിയവരും വിമര്‍ശനം ഉന്നയിച്ചിരുന്നു.






