
കോട്ടയം: ഐ.വി ശശിയുടെ വിയോഗത്തോടെ മറയുന്നത് മലയാള സിനിമയിലെ ഒരു കാലഘട്ടം. സിനിമ ജീവിതമാക്കിയ ശശി, മലയാളികളെ തീയേറ്ററുകളില്‍ എത്തിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ക്കുന്നതിലും വിദഗ്ധനായിരുന്നു. സിനിമയ്ക്കു വേണ്ടി മാത്രം ജീവിച്ച സംവിധായകന്‍ എന്നു വിളിക്കുന്നതാവും ഏറ്റവും ഉചിതം. രോഗബാധിതനായി ചികിത്സയിലിരിക്കുമ്പോഴും പുതിയ സിനിമയെ കുറിച്ചുള്ള ചിന്തയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഒരു കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 12 സിനിമകള്‍ വരെ തീയേറ്ററില്‍ എത്തിക്കാന്‍ കെല്പുണ്ടായിരുന്ന അദ്ദേഹം ശരിക്കും സിനിമയ്ക്കു വേണ്ടി തന്നെയാണ് ജീവിച്ചതും.
1948 മാര്‍ച്ച് 28ന് കോഴിക്കോട് ആയിരുന്നു ജനനം. ഇരുപ്പം വീട് ശശിധരന്‍ എന്ന വലിയ പേര് ചുരുക്കിയാണ് 'ഐ.വിശശി' എന്ന ഹിറ്റ് പേര് സ്വന്തമാക്കിയത്. ഭാര്യ സീമ. ഇരുവരും സിനിമയില്‍ സജീവമായിരുന്ന കാലത്ത് 1980 ഓഗസ്റ്റ് 29നായിരുന്നു വിവാഹം. അടുത്തകാലത്ത് കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം 37ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 'അവളുടെ രാവുകളി'ലൂടെയാണ് ശശിയും സീമയും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ശശിയുടെ 30 ഓളം സിനിമകളില്‍ ഈ കൂട്ടുകെട്ട് ഒന്നിച്ചു.
മക്കള്‍: അനു, അനി. ഐ.വി ശശി സംവിധാനം ചെയ്ത സിംഫണി എന്ന ചിത്രത്തില്‍ മകള്‍ അനു അഭിനയിച്ചിട്ടുണ്ട്. മകന്‍ അനി ലയോള കോളജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ കഴിഞ്ഞ ശേഷം സംവിധാനത്തില്‍ സജീവമായി വരികയാണ്. സിനിമ കുടുംബത്തിലെ കാരണവരാണ് ഐ.വി ശശിയുടെ വിയോഗത്തോടെ അകാലത്തില്‍ മണ്‍മറഞ്ഞത്.
മരണസമയത്ത് ഭാര്യ സീമയും മകന്‍ അനിയും സമീപത്തുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലുള്ള മകള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍. ഭൗതികദേഹം ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
നിരവധി ഭാഷകളിലായി 150 ഓളം സിനിമകള്‍ ഐ.വി ശശി സംവിധാനം ചെയ്തിട്ടുണ്ട്. എന്തു ത്യാഗം സഹിച്ചും താന്‍ മനസ്സില്‍ കണ്ട അതേ സ്‌ക്രിപ്റ്റില്‍തന്നെ ചിത്രമെടുക്കാനുള്ള സന്നദ്ധത വച്ചുപുലര്‍ത്തിയ സംവിധായകനായിരുന്നു ഐ.വി ശശി. എത്ര സമയമെടുത്താലും പെര്‍ഫെക്ഷനു വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു മടിയുമില്ലാത്ത ഈ സ്വഭാവം തന്നെയാണ് അദ്ദേഹത്തെ ഹിറ്റ്‌മേക്കര്‍ എന്ന പേരിന് അര്‍ഹനാക്കിയതും. തന്റെ ചിത്രത്തിലെ കഥാപാത്രമാകാന്‍ യോജിച്ച നടനെ അദ്ദേഹം തന്നെ കണ്ടെത്തുകയായിരുന്നു. ഇന്നത്തെ പോലെ സംവിധായകന്‍ താരങ്ങളെ തേടിയല്ല, താരങ്ങള്‍ ഐ.വി ശശിയെ തേടിയായിരുന്നു എത്തിയിരുന്നത്. കഥയും കഥാപാത്രങ്ങളെയും താരങ്ങളെയും തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം കാണിച്ചിരുന്ന ധൈര്യം ഇന്ന് എത്ര സംവിധായകര്‍ക്ക് ഉണ്ടെന്നത് ചിന്തിക്കേണ്ടതാണ്.
ഇന്നത്തെ പല സംവിധായകരുടെയും വഴികാട്ടിയായിരുന്നു. അദ്ദേഹം വെട്ടിത്തെളിച്ച പാതയിലൂടെ കടന്നുപോകാന്‍ ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സംശയമാണ്. ഐ.വി ശശിയുടെ കാലഘട്ടത്തില്‍ സംവിധായകരും താരങ്ങളും എടുത്ത പരിശ്രമം പിന്നീട് കണ്ടിട്ടുമില്ല. തീയേറ്ററുകളില്‍ സംവിധായകന്റെ പേര് എഴുതികാട്ടുമ്പോള്‍ കാണികള്‍ കയ്യടിക്കുന്നുവെങ്കില്‍ അത് ഐ.വി ശശിക്കു മാത്രം കിട്ടിയിരുന്ന ആദരമായിരുന്നു. കരുത്തുറ്റ നായക കഥാപാത്രം മാത്രമല്ല, ശക്തനായ വില്ലന്‍മാരെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഐ.വി ശശിയായിരുന്നു.
സിനിമയ്ക്കു നല്‍കിയ നിസ്തുല സംഭാവനകള്‍ മാനിച്ച് നിരവധി പുരസ്‌കാരങ്ങളും ഐ.വി ശശിയേ തേടിയെത്തിയിരുന്നു. 1976ല്‍ മികച്ച സംവിധായകന്‍ (അനുഭവം), 1984ല്‍ മികച്ച രണ്ടാമത്തെ ചിത്രം (ആള്‍ക്കൂട്ടത്തില്‍ തനിയെ), 1988ലെമികച്ച ജനപ്രീയ ചിത്രം (1921), 1989ല്‍ മികച്ച സംവിധായകന്‍ (മൃഗയ). 1982ല്‍ 'ആരൂഢത്തിന് ദേശീയോദ്ഗ്രഥന പുരസ്‌കാരം ലഭിച്ചു.
1977ല്‍ ഇതാ ഇവിടെ വരെ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 1978ല്‍ ഈറ്റയിലൂടെ മികച്ച ഡയറക്ടര്‍ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം, 2015ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ജാനിയേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
മൂന്നു പതിറ്റാണ്ടുകളിലേറെ നീണ്ട സിനിമ ജീവിതത്തില്‍ 150 ഓളം സിനിമകള്‍ പുറത്തിറക്കിയ ഐ.വി ശശി ഗ്യാരണ്ടിയുള്ള സംവിധായകനായാണ് അറിയപ്പെട്ടിരുന്നത്. കലാമൂല്യവും വാണിജ്യവശവും ഒരുമിക്കുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റെത്. പത്മരാജന്‍, ടി.ദാമോദരന്‍, എം.ടി വാസുദേവന്‍ നായര്‍ തുടങ്ങിയ പ്രതിഭകളുമായായിരുന്നു കൂട്ടുകെട്ട്. സ്വയം സിനിമയില്‍ നിന്ന് പിന്മാറുന്നതുവരെ ഫീല്‍ഡില്‍ തിളങ്ങിനിന്ന സംവിധായകന്‍ തന്നെയാണ് ഐ.വി ശശി. കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രവുമായി ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നുവരുന്നതും.






